കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15 കാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരായ ജാഷിര്‍, സക്കീര്‍, ഇവരുടെ പെണ്‍സുഹൃത്തായ പാത്തു എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരില്‍ ജാഷിറും സക്കീറും പൊലീസിന്റെ പിടിയിലായി.
മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയും പ്രതികളില്‍ ഒരാളും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയത്തിലും പിന്നീട് പ്രണയത്തിലുമായത്.
പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കിയ യുവാവ് അവ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. അതിനു ശേഷവും ഭീഷണി തുടരുകയും യുവതിയുടെ സഹായത്തോടെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണ് കേസ്.
