കാസര്‍കോട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും സ്വര്‍ണ്ണം കുറഞ്ഞുപോയെന്നും പറഞ്ഞ് മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയതായി പരാതി. മംഗ്‌ളൂരു, പമ്പ് വെല്ലിലെ എം. ആയിഷത്ത് മുഷൈന (25) നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവ്, ദേലംപാടി, ചാമത്തടുക്കയിലെ സി അബ്ദുല്‍ വാജിദ് (32), ഭര്‍തൃമാതാവ് മൈമൂന(50), ഭര്‍തൃ പിതാവ് സി എ മുഹമ്മദ് കുഞ്ഞി (50) എന്നിവര്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.
2018 നവംബര്‍ 11ന് ആണ് അബ്ദുല്‍ വാജിദും ആയിഷത്ത് മുസൈനയും തമ്മിലുള്ള വിവാഹം നടന്നത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചു വരുന്നതിനിടയില്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും സ്വര്‍ണ്ണം കുറഞ്ഞുവെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ മാതാപിതാക്കളും മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
ആഗസ്റ്റ് നാലിന് രാത്രി 7.30ന് പരാതിക്കാരിയുടെ മംഗ്‌ളൂരുവിലെ ഫ്‌ളാറ്റില്‍ എത്തിയ ഭര്‍ത്താവ് അബ്ദുല്‍ വാജിദ് മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയെന്നും കേസില്‍ പറയുന്നു.
ഏതാനും ആഴ്ചകള്‍ക്കു മുമ്പും ആദൂര്‍ പൊലീസ് മുത്തലാഖ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രസ്തുത കേസിലെ പ്രതി ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
