കുമ്പള: പതിനെട്ടു വയസ്സുതികയാത്ത കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് അക്രമാസക്തമായ തരത്തില്‍ നിയമവ്യവസ്ഥകളെ ധിക്കരിച്ചുവെന്നു കുമ്പളയിലെ വ്യാപാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വിക്രംപൈ പൊലീസ് ഡയറക്ടര്‍ ജനറല്‍, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരോടു പരാതിപ്പെട്ടു.
ദേശീയപാതയിലെ കുമ്പളയില്‍ സ്ഥാപിക്കുന്ന ടോള്‍ ബൂത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ടോള്‍ ബൂത്ത് മാര്‍ച്ചില്‍ കുട്ടികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് കൂടുതലും പങ്കെടുപ്പിച്ചതെന്ന് പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ സഹിതം നല്‍കിയ പരാതിയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ ആവേശം കയറി പ്രതിഷേധത്തില്‍ അണിനിരന്നാല്‍ പോലും പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നവര്‍ അവരെ പിന്തിരിപ്പിച്ചു മടക്കിയയക്കണമെന്നാണ് നിയമപാലകര്‍ നിര്‍ദ്ദേശിക്കുന്നതെന്നു നിവേദനത്തില്‍ പറഞ്ഞു. അതേനിയമപാലകരുടെ സാന്നിധ്യത്തിലാണ് കൗമാരക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതെന്നും പരാതിയില്‍ പറഞ്ഞു. നല്ല സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ഭഗീരഥ പ്രയത്‌നത്തില്‍ സര്‍ക്കാര്‍ വ്യാപൃതമായിരിക്കെ അതിനെ തുരങ്കം വയ്ക്കുന്ന ഇത്തരം നടപടികള്‍ നിരുത്സാഹപ്പെടുത്തണമെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
