കാസര്‍കോട്: ദേശീയപാതയില്‍ വീണ്ടും അപകടം. ഉപ്പള, കൈക്കമ്പ ദേശീയപാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. മീന്‍ ലോറിയിലെ ജീവനക്കാരായ തമിഴ്‌നാട്, കര്‍ണ്ണാടക സ്വദേശികളായ പരിക്കേറ്റത്. ഇവര്‍ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാസര്‍കോട് ഭാഗത്തു നിന്നു മംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്ന മീന്‍ ലോറിയുടെ ടയര്‍ പഞ്ചറായതോടെയാണ് അപകടത്തിന്റെ തുടക്കം. ടയര്‍ പഞ്ചറായ ലോറിയുടെ ഡ്രൈവര്‍ ദേശീയപാതയില്‍ ഇറങ്ങി പിന്നില്‍ നിന്നും എത്തിയ മറ്റൊരു മീന്‍ ലോറിയെ കൈകാണിച്ച് നിര്‍ത്തിച്ചു. രണ്ടു ലോറികളിലും ഉണ്ടായിരുന്നവര്‍ റോഡില്‍ നില്‍ക്കവെ മൂന്നാമതെത്തിയ മീന്‍ ലോറി മൂന്നു പേരെയും ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന മൂന്നു പേരെയും അതു വഴിയെത്തിയ കാര്‍ യാത്രക്കാരാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മൂന്നു പേരെയും ആംബുലന്‍സില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
