കാസര്‍കോട്: കുമ്പള കൊടിയമ്മയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 18 ഗ്രാം എംഡി എം എ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ സ്വദേശിയും സൂറത്കല്ലില്‍ കൂള്‍ബാര്‍ ജീവനക്കാരനുമായ അബി(24)യെയാണ് ഇന്‍സ്‌പെക്ടര്‍ പികെ ജിജീഷും സംഘവും അറസ്റ്റുചെയ്തത്. ഈ കേസില്‍ നേരത്തെ രണ്ടുപേരെ പിടികൂടിയിരുന്നു. അബ്ദുല്‍ അസീസിനെയാണ് ഏതാനും ദിവസം മുമ്പ് കൊടിയമ്മയില്‍ വച്ച് പിടികൂടിയത്. ഇയാളുടെ ഫോണിലേയും ബാങ്ക് അക്കൗണ്ടിലേയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മലപ്പുറം മാറഞ്ചേരി സ്വദേശി വിഷ്ണുവിനെയും അറസ്റ്റുചെയ്തിരുന്നു. വിഷ്ണുവില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് തൃശൂര്‍ സ്വദേശിയായ അബിയെ സൂറത്കല്ലില്‍നിന്ന് അറസ്റ്റുചെയ്തത്. മയക്കുമരുന്ന് കടത്തിലെ സൂത്രധാരന്‍ അബിയാണെന്ന് സൂചനയുണ്ട്. ഇയാളാണ് മയക്കുമരുന്ന് അബ്ദുല്‍ അസീസിന് എത്തിച്ചുകൊടുക്കാന്‍ വിഷ്ണുവിനെ നിയോഗിച്ചതെന്ന് അറിയുന്നു. ഈ സംഘത്തിന് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് വന്‍ ശൃംഗലയുള്ളതായി പൊലീസ് സംശയിക്കുന്നു. ഈമാസം രണ്ടിനാണ് 18.240 ഗ്രാം എംഡിഎംഎ കൊടിയമ്മയില്‍ വച്ച് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ വിഷ്ണുവിനെയും അബിയെയും കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.
