കാസര്‍കോട്: കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന്‍ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ നാലാമത്തെ പെട്രോള്‍ പമ്പ് കരിന്തളം തലയടുക്കം ആരംഭിക്കുന്നു.
ഉദ്ഘാടനം സെപ്റ്റംബര്‍ 27-ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കും. കമ്പനിയുടെ വിവിധ വൈവിധ്യവല്‍ക്കരണ പദ്ധതികളിലൊന്നാണ് പെട്രോള്‍ ഔട്ട്‌ലെറ്റുകള്‍. നേരത്തേ ആരംഭിച്ച മൂന്ന് പെട്രാള്‍ പമ്പുകളുടെ വിജയവും പരിചയവുമായാണ് നാലാമത്തെ പെട്രോള്‍ പമ്പിലേക്ക് കമ്പനിയെ നയിച്ചത്. പ്രാദേശിക ഉപഭോക്താക്കള്‍ക്ക് വിശ്വാസയോഗ്യമായ നല്ല സേവനം ഉറപ്പുവരുത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ മായി സഹകരിച്ചാണ് പെട്രോള്‍ പമ്പ് ആരംഭിക്കുന്നത്. ഓയില്‍ ചെയ്ഞ്ച്, ഫ്രീ എയര്‍ സര്‍വ്വീസ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും പമ്പുകളില്‍ ഒരുക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ പാലക്കാട് കഞ്ചിക്കോട് കാന്‍ഫ്ര പാര്‍ക്കില്‍ അഞ്ചാമത്തെ പെട്രോള്‍ പമ്പ് ആരംഭിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ ടി.വി രാജേഷും മാനേജിംഗ് ഡയരക്ടര്‍ ഡോ. ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു. ഉദ്ഘാടന പരിപാടിക്കുള്ള സംഘാടകസമിതി രൂപീകരണയോഗം 8 ന് 3 മണിക്ക് കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ഹാളില്‍ ചേരും.
