കുമ്പള : ജില്ലയിലെ അടയ്ക്ക കർഷകർ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നു ആവശ്യം ശക്തമാവുന്നു.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇലപ്പുള്ളി,മഞ്ഞളിപ്പ് രോഗങ്ങൾ മൂലം അടയ്ക്കാ കർഷകർക്ക് കനത്ത വിള നാശം നേരിട്ടിരുന്നു. ഇപ്രാവശ്യം അത്തരത്തിലുള്ള രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ശക്തമായി പെയ്ത മഴ ഉൽപാദനത്തെ ബാധിക്കുമോ എന്ന ആശങ്ക കർഷകർക്കുണ്ട്. തുടർച്ചയായി മഴ പെയ്യുന്നത് കമുകുകൾക്ക് കൃത്യമായി ബോർഡോ മിശ്രിതം തളി ക്കാൻ തടസമുണ്ടാക്കുന്നു.അത് മഹാളിരോഗം പടരുമെന്ന ആശങ്കയുണ്ടാക്കുന്നു.
അടയ്ക്കയ്ക്കും, തേങ്ങയ്ക്കും, കുരുമുളകിനുമൊക്കെ മോഹവിലയിൽ നിൽക്കുമ്പോഴാണ് കാലവർഷം പ്രതീക്ഷകൾ കെടുത്തുന്നത്. കഴിഞ്ഞവർഷം വിളനാശം സംഭവിച്ച കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയും അടയ്ക്കാ കർഷകർക്കുണ്ട്. കാർഷിക വായ്പകൾ എടുത്തും മറ്റുമാണ് കർഷകർ കൃഷി പരിപാലിക്കുന്നത്. കഴിഞ്ഞവർഷം വിളനാശം സംഭവിച്ചതിനാൽ വായ്പകൾ തിരിച്ചടക്കാനും സാധിച്ചിരുന്നില്ല.
കാർഷിക വായ്പകൾ ക്ക് പലിശയില്ലാതെ മൂന്നു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും,കർഷകർക്ക് സ്വന്തം നിലയിൽ തന്നെ കൃത്യസമയത്ത് കീടനാശിനികൾ തളിക്കാനും,അടയ്ക്ക പറിക്കാനും സഹായകമായ കാർബൺ ഫൈബർ തോട്ടികളും,മറ്റു ആധുനിക കാർഷിക ഉപകരണങ്ങളും സബ്സിഡി നിരക്കിൽ ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
ജലസേചനത്തിനുള്ള സൗജന്യ വൈദ്യുതി വിതരണം തടസ്സമില്ലാതെ തുടരണം.പുഴയിൽ നിന്ന് വെള്ളമെടുക്കുന്നതിന് തടസ്സമുണ്ടാക്കുന്ന വ്യവസ്ഥകൾ ഒഴിവാക്കണമെന്നും അടയ്ക്കാ കർഷകർ ജനപ്രതിനിധികൾക്കും, കൃഷിവകുപ്പ് മന്ത്രിക്കും ജീവനക്കാർക്കും നിവേദനം നൽകിയിട്ടുണ്ട്.