കുമ്പള: കുമ്പള ടൗണിലെ ഓട്ടോ സ്റ്റാന്റിനും ഫുട്പാത്തിനുമിടയില്‍ വളര്‍ന്ന മരത്തിന്റെ ശിഖരങ്ങള്‍ തൊട്ടുമുകളിലുള്ള വൈദ്യുതി ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടി അപകട ഭീഷണി ഉയര്‍ത്തുന്നതു കാരവല്‍ മീഡിയ അടുത്തിടെ ചിത്രം സഹിതം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നു വൈദ്യുതി വിഭാഗം അധികൃതര്‍ മരം നിലനിറുത്തിക്കൊണ്ടു വൈദ്യുതി കമ്പിയില്‍ മുട്ടിയ ശിഖരങ്ങള്‍ വെട്ടിമാറ്റി. നിലത്തു മുറിച്ചിട്ട ശിഖരങ്ങളിലൊന്നില്‍ ഉണ്ടായിരുന്ന കിളിക്കൂട്ടില്‍ ഇരുന്നു പറക്കമുറ്റാത്ത കുഞ്ഞിക്കിളി കരഞ്ഞതു ഓട്ടോ ഡ്രൈവര്‍മാരെ വിഷമിപ്പിച്ചു. കിളികളെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കില്‍ കിളിക്കുഞ്ഞിനെ അവരെ ഏല്‍പ്പിക്കാനും അതുവരെ സംരക്ഷിക്കാനും അവര്‍ തീരുമാനിച്ചു. ശിഖരങ്ങള്‍ മുറിച്ച മരത്തിനു ചുറ്റും കിളികള്‍ തണലും ഇരിപ്പിടവും കാണാതായതു തിരഞ്ഞുകൊണ്ടു പറക്കുന്നുണ്ടെങ്കിലും കൂട്ടിലുള്ള കുഞ്ഞുകിളിയുടെ തള്ളക്കിളി കുഞ്ഞിനടുത്തെത്തിയിട്ടില്ല.
ശിഖരത്തോടൊപ്പം മരം കൂടി മുറിച്ചു മാറ്റിയിരുന്നെങ്കില്‍ ഭാവിയിലുണ്ടായേക്കാവുന്ന അപകട ഭീഷണി ശാശ്വതമായി ഒഴിവാക്കാമായിരുന്നെന്നു യാത്രക്കാര്‍ പറയുന്നു. എന്നാല്‍ മരം തന്നെ മുറിച്ചു മാറ്റിയാല്‍ പിന്നീട് മരം മുറിക്കല്‍ പണി തന്നെ ഇല്ലാതായിപ്പോയാലോ എന്ന് മറ്റു ചിലര്‍ സംശയം പ്രകടിപ്പിച്ചു.
