കാസര്‍കോട്: അടുത്ത മാസം പള്ളിക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ല ശാസ്‌ത്രോത്സവത്തില്‍ വിതരണത്തിനാവശ്യമായ മുഴുവന്‍ ഉഹാരങ്ങളും സൗജന്യമായി വാഗ്ദാനം ചെയ്ത് ഗ്രാമപഞ്ചായത്തംഗം. പള്ളിക്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് കുഞ്ഞി ചോണായിയാണ് വാഗ്ദാനം പ്രഖ്യാപിച്ചത്. പള്ളിക്കര ഹൈസ്‌ക്കൂളില്‍ നടന്ന ശാസ്‌ത്രോത്സവം സ്വാഗത സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് പഞ്ചായത്ത് മെമ്പറുടെ മാതൃകാപരമായ പ്രഖ്യാപനം. തന്റെനാലര വര്‍ഷക്കാലത്തെ ഗ്രാമപഞ്ചായത്തില്‍ നിന്ന് ലഭിച്ച ഓണറേറിയം തുകയില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ചാണ് ഉപഹാരങ്ങള്‍ വാങ്ങുകയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം കൈപ്പറ്റുന്ന ജനപ്രതിനിധികള്‍ ആ തുക ജനസേവനത്തിന് ഉപയോഗിക്കണമെന്ന തന്റെ കര്‍ക്കശ നിലപാടാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഉപഹാരങ്ങള്‍ക്ക് വലിയ സാമ്പത്തിക ചെലവാണ് വരുന്നതെങ്കിലും അതൊക്കെ തരണം ചെയ്ത് പരിപാടിയുടെ വിതരണത്തിന് ആവശ്യമായ എല്ലാ ഉപഹാരങ്ങളും സൗജന്യമായി നല്‍കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് കരഘോഷങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. ബേക്കലിന്റെ സാമൂഹ്യ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ മുഹമ്മദ് കുഞ്ഞി മുസ്ലിം ലീഗിനെയാണ് പഞ്ചായത്തില്‍ പ്രതിനിധീകരിക്കുന്നത്. ശാസ്‌ത്രോത്സവത്തിന് ചിലവാകുന്ന തുകയുടെ കണക്കുകള്‍ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മെമ്പറുടെ ഈതീരുമാനം.
