കുമ്പള: ദേശീയപാതയിലെ കുമ്പളയില്‍ സ്ഥാപിക്കുന്ന ടോള്‍ ബൂത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ മറവില്‍ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കാനും ഹൈന്ദവ സമൂഹത്തെ അധിക്ഷേപിക്കാനും ചിലര്‍ ആസൂത്രിത ശ്രമം ആരംഭിച്ചുവെന്നു കുമ്പളയിലെ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ വിക്രംപൈ ജില്ലാ പൊലീസ് മേധാവിയോടു പരാതിപ്പെട്ടു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉടനുണ്ടാവണമെന്നു നിവേദനത്തില്‍ അദ്ദേഹം പറഞ്ഞു.
ടോള്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി ഹിന്ദുക്കളെ കൊള്ളക്കാരായി ചിത്രീകരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ സമരക്കാര്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നു പരാതിയില്‍ പറഞ്ഞു. ഹിന്ദു വിഭാഗങ്ങളുടെ വസ്ത്രധാരണ രീതിയില്‍ വരച്ച കാര്‍ട്ടൂണുകളില്‍ അത്തരം വസ്ത്രം ധരിച്ചു തോളില്‍ കൊള്ളപ്പണം സൂക്ഷിക്കാനുള്ള ഭാണ്ഡവും കൈയില്‍ വാളും ഉള്ളവര്‍ വാഹനം കത്തികാട്ടി തടഞ്ഞു നിറുത്തി യാത്രക്കാരുടെ കഴുത്തില്‍ കത്തിവച്ചു പണം തട്ടിപ്പറിച്ചു ഭാണ്ഡത്തില്‍ നിക്ഷേപിക്കുന്ന തരത്തിലാണ് കാര്‍ട്ടൂണെന്നു പരാതിയില്‍ പറഞ്ഞു. കാര്‍ട്ടൂണിന്റെ പകര്‍പ്പും പരാതിക്കൊപ്പം പൊലീസ് ചീഫിനു നല്‍കിയിട്ടുണ്ടെന്ന് അറിയിപ്പില്‍ പറഞ്ഞു. സാമൂഹ്യ ഐക്യവും സൗഹാര്‍ദ്ദവും തകര്‍ക്കാനും വര്‍ഗീയ കലാപം ആളിക്കത്തിക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തനമാരംഭിക്കാത്തതും നിയമനടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നതുമായ ടോള്‍ ബൂത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ ഗൗരവമായി കാണണമെന്ന് നിവേദനത്തില്‍ കൂട്ടിച്ചേര്‍ത്തു.
