കാസര്‍കോട്: ആറുമാസം മുമ്പ് പ്രണയ വിവാഹിതയായ പെരിയ, ആയംപാറ, വില്ലാരംപതി, കൊള്ളിക്കാലിലെ നന്ദന(21) ആത്മഹത്യ ചെയ്തത് എന്തിന്? ചോദ്യത്തിനു ഉത്തരം കണ്ടെത്താനാകാതെ ബന്ധുക്കളും നാട്ടുകാരും കുഴങ്ങുന്നതിനിടയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി നന്ദനയുടെ ഫോണ്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചു വരികയാണ് പൊലീസ്. നന്ദനയുടെ ഭര്‍ത്താവ് ബാര, അരമങ്ങാനം, ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിനെയും മാതാവിനെയും മേല്‍പ്പറമ്പ് പൊലീസ് ചോദ്യം ചെയ്തു. നന്ദനയ്ക്ക് വീട്ടില്‍ യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങളോ പ്രയാസങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ഇരുവരും പൊലീസിനു മൊഴി നല്‍കിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് നന്ദനയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ അകത്തു നിന്നും പൂട്ടിയാണ് നന്ദന ജീവനൊടുക്കിയത്. അതിനുമുമ്പ് തൂങ്ങാനായി ഒരുക്കിയ കുരുക്കിന്റെ ഫോട്ടോയെടുത്ത് മാതാവിനു വാട്‌സ്ആപ്പില്‍ അയക്കുകയും ‘ഞാന്‍ പോവുകയാണെന്ന്’ മാതാവിനു സന്ദേശം അയക്കുകയും ചെയ്തിരുന്നു.
ലാബ് ടെക്‌നീഷ്യ ആയിരുന്ന നന്ദനയും അരമങ്ങാനത്തെ വെല്‍ഡിംഗ് തൊഴിലാളിയായ രഞ്‌ജേഷും തമ്മിലുള്ള വിവാഹം ഏപ്രില്‍ 29ന് ആണ് നടന്നത്. പ്രണയത്തിലായിരുന്ന ഇരുവരും ഒരു ക്ഷേത്രത്തില്‍ വച്ചാണ് വിവാഹിതരായത്. ഇതിനു മുമ്പ് നന്ദനയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തൊട്ടു പിന്നാലെ നന്ദനയും ഭര്‍ത്താവും പൊലീസ് സ്റ്റേഷനില്‍ ഹാജരായി തങ്ങള്‍ വിവാഹിതരാണെന്നു അറിയിച്ചതോടെ പൊലീസ് കേസെടുക്കാതെ പരാതി അവസാനിപ്പിക്കുകയായിരുന്നു. അതിനു ശേഷം നന്ദന സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നില്ല. അടുത്ത കാലത്ത് മാതാവിനെ ഫോണില്‍ വിളിക്കുകയും വീട്ടിലേക്ക് വരാന്‍ താല്‍പര്യം ഉണ്ടെന്നു അറിയിച്ചിരുന്നതായും പറയുന്നുണ്ട്. എല്ലാം സാവകാശം പരിഗണിക്കാമെന്നായിരുന്നുവത്രെ മറുപടി നല്‍കിയത്. ഇതിനിടയിലാണ് നന്ദന ഞായറാഴ്ച വീട്ടില്‍ ജീവനൊടുക്കിയത്. സംഭവദിവസം നന്ദനയുടെ മാതാവ് അടുത്ത ബന്ധുവിനെയും കൊണ്ട് മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു. ഇത്തരം കാര്യങ്ങളൊക്കെ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ നന്ദനയുടെ മരണം കഴുത്തു മുറുകിയാണെന്ന് വ്യക്തമായതായാണ് സൂചന. നന്ദന ഗര്‍ഭിണിയായിരുന്നുവെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും കണ്ടെത്തുന്നതോടെ നന്ദനയുടെ ആത്മഹത്യയ്ക്കു ഇടയാക്കിയ കാരണം എന്താണെന്നു കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
