തിരുവനന്തപുരം: പാറശ്ശാല പെരുവിള പുല്ലൂർക്കോണത്ത് 17 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലിനു രാജ് – ജതിജാ ദമ്പതികളുടെ മകൾ നയന ആണ് മരിച്ചത്. പാറശാല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം മുറിയിൽ കതകടച്ചു കിടന്നിരുന്നു. രാവിലെ ഒരുപാട് നേരമായിട്ടും എഴുന്നേറ്റില്ല. മുറിയിൽ അനക്കമൊന്നും കാണാത്തതിനാൽ വീട്ടുകാർ വാതിൽമുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് വീട്ടുകാർ ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ബുധനാഴ്ച ബന്ധുവിന്‍റെ വിവാഹം ആയതിനാൽ പുതിയ വസ്ത്രം ഉൾപ്പടെ വാങ്ങി ഒരുക്കത്തിലായിരുന്നെന്നും വീട്ടിലോ സ്കൂളിലോ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. വിരലടയാള വിദഗ്ദരടക്കം പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പാറശാല പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
