കാസര്‍കോട്: പാതിരാത്രിയില്‍ മണല്‍ വേട്ടയ്‌ക്കെത്തിയ പൊലീസുകാരന്‍ പുഴയിലെ കുത്തൊഴുക്കില്‍പ്പെട്ടു. കൂരാക്കൂരിരുട്ടത്ത് മുന്നോട്ട് നീങ്ങിയ തോണിയില്‍ നിന്നു എടുത്തു ചാടി നീന്തി രക്ഷപ്പെട്ട പൊലീസുകാരന്‍ കാലിനു പരിക്കേറ്റ നിലയില്‍ ചികിത്സതേടി. കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചന്ദ്രഗിരി പുഴയില്‍ നിന്നു മണല്‍ വാരുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് ഒരു എസ് ഐയുടെ നേതൃത്വത്തിലുള്ള രാത്രികാല പട്രോളിംഗ് സംഘം എത്തിയത്. പൊലീസ് വാഹനത്തെ കണ്ട ഉടനെ കരയിലേയ്ക്ക് അടുപ്പിച്ച് വച്ച തോണിയില്‍ ഉണ്ടായിരുന്ന രണ്ടു തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. തോണിയില്‍ കൂടുതല്‍ പേരുണ്ടാകുമെന്ന ധാരണയില്‍ എസ് ഐയുടെ കൂടെ ഉണ്ടായിരുന്ന പൊലീസുകാരന്‍ തോണിയിലേയ്ക്ക് എടുത്തു ചാടി. പകുതി വെള്ളത്തിലും പകുതി കരയിലുമായിരുന്നു തോണി ഉണ്ടായിരുന്നത്. തോണി കെട്ടിയിട്ടിട്ടുമുണ്ടായിരുന്നില്ല. പൊലീസുകാരന്‍ തോണിയിലേയ്ക്ക് എടുത്തു ചാടിയതോടെ തോണി ആടി ഉലയുകയും പുഴയിലേയ്ക്ക് നീങ്ങുകയുമായിരുന്നു. അപകടം മണത്തറിഞ്ഞ പൊലീസുകാരന്‍ പുഴയിലേയ്ക്ക് എടുത്തു ചാടി നീന്തിയാണ് കരയില്‍ എത്തിയത്. ചാട്ടത്തിനിടയില്‍ പൊലീസുകാരന്റെ കാലിനു പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.
