കാസര്‍കോട്: കയ്യാര്‍, പെര്‍മുദെയില്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നു അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപയും ചെക്ക് ബുക്കും കവര്‍ന്നതായി പരാതി. പെര്‍മുദെ, അറഫ മന്‍സിലിലെ കെ എ ഷംനയുടെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി എഴിനും തിങ്കളാഴ്ച രാവിലെ എഴുമണിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും കുടുംബവും വീടുപൂട്ടി നബിദിന പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോയതായിരുന്നു. അന്നു രാത്രി സഹോദരിയുടെ വീട്ടില്‍ താമസിച്ച ശേഷം പിറ്റേ ദിവസം രാവിലെയാണ് വീട്ടില്‍ എത്തിയത്. ഈ സമയത്താണ് മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടത്. വീട്ടിനകത്തു കയറി നോക്കിയപ്പോള്‍ അലമാര തുറന്ന് പണവും ചെക്ക് ബുക്കും മോഷ്ടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
