സമോസ- സരസമായൊരുപദം. സരസയെപ്പോലെ, അങ്ങോട്ടും ഇങ്ങോട്ടും ഒരേ പോലെ വായിക്കാം.
സമോസ എന്ന് കേള്‍ക്കുമ്പോള്‍ ചിലരുടെ വായില്‍ വെള്ളം ഊറും. അത് ഒരു ലഘുഭക്ഷണപദാര്‍ത്ഥത്തിന്റെ പേരാണ്. മറുനാടന്‍ പിറവിയാണത്രേ. പ്രവാസിപ്പലഹാരം. നമ്മുടെ നാട്ടിലെപാതയോരങ്ങളിലെ തട്ടുകടകളില്‍ സമോസക്കുന്നുകള്‍ കാണാം. പേര്‍ഷ്യയിലാണത്രേ സമോസയുടെ പിറവി. സംബാസാഗ് എന്ന് പറയും. ഹിന്ദിയിലും സമോസ തന്നെ. ചെറുതായിനുറുക്കിയ ഉരുളക്കിഴങ്ങും കാരറ്റും നീരുള്ളിയും മറ്റുമാണ് അടിസ്ഥാന നിര്‍മ്മാണഘടകങ്ങള്‍. സസ്യേതര ഭക്ഷണപ്രിയന്മാര്‍ക്ക് വേണ്ടി മത്സ്യമാംസാദികളും ചേര്‍ക്കും. മാവും ചേര്‍ത്ത് കുഴച്ച് മിക്കവാറും ത്രികോണാകൃതിയിലാക്കി വെളിച്ചെണ്ണയില്‍ മൊരിച്ചെടുക്കും.
തട്ടു കടകളില്‍പ്പോലും കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സരസന്‍ കാണാമറയത്താകാന്‍ പോകുന്നു എന്ന് പത്രവാര്‍ത്ത. (ടൈംസ് ഓഫ് ഇന്ത്യ 14-07-2025)
ആരോഗ്യ സംരക്ഷണം സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകളില്‍ സമോസയും പ്രത്യക്ഷപ്പെടും. കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എ ഐ ഐ എം എസ്) നിര്‍ദ്ദേശിച്ചത് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂര്‍ ചാപ്റ്റര്‍ മേധാവി ഡോ. അമര്‍ അമലെയുടെ അഭിപ്രായത്തില്‍.
സിഗററ്റിനെതിരായ മുന്നറിയിപ്പ് (സ്റ്റാറ്റിയൂട്ടറി വാണിങ്ങ്)പോലെ അതീവഗൗരവമുള്ളതാണത്രേ സമോസയ്‌ക്കെതിരായിട്ടുള്ളതും. തമാശ പറയുകയാണോ ഡോ. അമലെ? സിഗരറ്റിനെതിരായ മുന്നറിയിപ്പ് പോലെ! പുകവലി ആരോഗ്യത്തിന് ഹാനികരം(ഇന്‍ജൂരിയസ് ടു ഹെല്‍ത്ത്) എന്നല്ലേ സിനിമയിലും സീരിയല്‍ പരമ്പരകളിലും മറ്റും കഥാപാത്രങ്ങള്‍ പുകയൂതുന്ന ദൃശ്യത്തിനടുത്ത് ചെറിയ അക്ഷരത്തില്‍ എഴുതിക്കാണിക്കാറുണ്ടല്ലോ. ദൃശ്യം കണ്ടവരില്‍ എത്രപേര്‍ മനസ്സിലാക്കിയിട്ടുണ്ടാകും എന്താണ് എഴുതികാണിച്ചത് എന്ന്! മനസ്സിലാക്കിയവര്‍തന്നെ അത് ഗൗരവത്തിലെടുക്കുമോ? ഒരു തമാശ അതുപോലെയാണോ സമോസാ മുന്നറിയിപ്പും?
സിഗരറ്റ് പായ്ക്കറ്റിന്റെ പുറത്ത് നിശ്ചിത വലിപ്പത്തില്‍ വ്യക്തമായി എഴുതിച്ചേര്‍ക്കണം എന്ന ഉത്തരവ് തങ്ങളുടെ വ്യാപാര സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു എന്ന് സിഗരറ്റ് നിര്‍മ്മാണക്കമ്പനിക്കാര്‍ കേസ് കൊടുത്തു. കോടതി ഇടപെട്ടില്ല എന്ന് പറഞ്ഞുകൂടാ. പക്ഷേ, ഫലമുണ്ടായോ?
ആരോഗ്യശാസ്ത്രവിദഗ്ദ്ധര്‍ സമോസയെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കാം: പൊണ്ണത്തടി (ഒബീസിറ്റി)കൂട്ടും സമോസാ തീറ്റ. അമിതഭാരം -ഓവര്‍വെയിറ്റ്- ഉണ്ടാക്കുന്നു. മന്ദഗതിക്കാരാക്കുന്നു. 2050ല്‍ 44.9കോടിയില്‍ അധികമുണ്ടാകും അമിതഭാരമുള്ളവര്‍ ഇന്ത്യയില്‍. ഇക്കാര്യത്തില്‍ അമേരിക്കയുടെ തൊട്ടടുത്ത സ്ഥാനം ഇന്ത്യക്ക്. നഗരത്തില്‍ കാണുന്നവരില്‍ അഞ്ചിലൊരാള്‍ പൊണ്ണത്തടിയന്മാര്‍! (ലിംഗവ്യത്യാസമില്ല) തടിയനും, തടിച്ചിയും.
സമോസയെപ്പോലെ ആരോഗ്യത്തിന് ഹാനികരമായ മറ്റൊരു ഭക്ഷ്യപദാര്‍ത്ഥമാണത്രേ ഗുലാബ് ജാമൂല്‍. സമൂസയില്‍ ഉള്ളതിന്റെ അഞ്ചിരട്ടി അപകടകാരിഘടകം ഗുലാബ് ജാമൂനില്‍. മധുരം കുറയ്ക്കണം; എണ്ണയും. എണ്ണ ഉപഭോഗം പത്തുശതമാനം കുറയ്ക്കുന്നത് നന്ന്.
ബുദ്ധിപൂര്‍വം ഭക്ഷിക്കുക അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ഭാവി, നിങ്ങള്‍ക്ക് നന്ദി പറയും. (ഈറ്റ് വൈസ്‌ലി, യുവര്‍ ഫ്യൂച്ചര്‍ സെല്‍ഫ് വില്‍താങ്ക് യു)- നാഗ്പൂര്‍ എയിംസിലെ സീനിയര്‍ സയബെറ്റോളജിസ്റ്റ് ഡോ. സുനില്‍ ഗുപ്തയുടെ ഉപദേശം. കൂട്ടത്തില്‍ ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. കേവലം ഭക്ഷ്യ നിരോധനമല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. പിന്നെ എന്താണ് ഈ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം? പരമോദ്ദേശ്യം?
മുന്നറിയിപ്പ് ബോര്‍ഡ് വെച്ചത് കൊണ്ട് മാത്രം സമോസാ തീറ്റ കുറയുമോ? സമോസ ലഘുഭക്ഷണപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുമോ? വര്‍ജ്ജിക്കുന്നവരുടെ എണ്ണം കൂടുമോ? തിന്നാല്‍ പാടില്ല എന്ന് എന്തിനെക്കുറിച്ചെങ്കിലും മുന്നറിയിപ്പ് നല്‍കിയാല്‍ അത് തിന്നാതിരിക്കുമോ? വിലക്കും ഒരു പ്രലോഭനമാകില്ലേ?
ബൈബിള്‍ പഴയ നിയമത്തിലെ (ഓള്‍ഡ് ടെസ്റ്റമെന്റ്)ഉല്‍പ്പത്തി പുസ്തകത്തില്‍ നിന്നും ഒരുദാഹരണം: കര്‍ത്താവ് ആറ് ദിവസം കൊണ്ട് ഭൂമിയെയും ജീവജാലങ്ങളെയും സൃഷ്ടിച്ചു. കര്‍ത്താവ് വിശ്രമിക്കാന്‍ പോകുമ്പോള്‍ ആദം ഹവ്വമാരോട് കല്‍പ്പിച്ചു. ആ മരത്തിന്റെ കനി തിന്നരുത്. ഹവ്വയും ആദവും വിലക്കപ്പെട്ട കനി തിന്നു. അത് വിലക്കപ്പെട്ട കനി ആയത് കൊണ്ടാണ് തിന്നത് എന്നൊരു നിരീക്ഷണമുണ്ട്. തിന്നാല്‍ എന്ത് സംഭവിക്കും എന്നറിയണമല്ലോ എന്നൊരു ആകാംക്ഷ ആയിരിക്കും. അദമ്യമായൊരു ഉള്‍പ്രേരണ.
അനന്തരം ആദം ഹവ്വമാര്‍ക്ക് സംഭവിച്ചതോ? സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേയ്ക്ക് പതിച്ചു.
ഈ കഥ ഒരു ഗുണപാഠമാക്കണം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടാ. ദുഃഖിക്കേണ്ടിവരില്ല.
സമോസാ വിലക്കും ഇത് പോലെ.
