ക്യാന്‍സറിനുള്ള പ്രതിരോധ വാക്‌സിന്‍ എന്റെറോമിക്‌സ് പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചതായി റഷ്യ. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍. വാക്‌സിന്‍ പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100 ശതമാനം സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടതായും റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കാൻസറിനെ ചെറുക്കുന്നതില്‍ പുതിയ പ്രതീക്ഷയാണ് വാക്സിന്‍ വാഗ്ദാനം ചെയ്യുന്നത്. വാക്സിൻ ഇപ്പോൾ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറാണെന്ന് ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസിയും (എഫ്എംബിഎ) പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവിൽ വൻകുടലിലെ കാൻസറിനെതിരെയാണ് വാക്സിൻ ഉപയോഗിക്കുന്നത്. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ ബാധിക്കുന്ന കാൻസറുകൾക്കെതിരെയുള്ള വാക്സിനുകളും പണിപ്പുരയിലാണ്. വാക്സിന്‍റെ കണ്ടുപിടിത്തത്തെ വലിയ പ്രാധാന്യത്തോടു കൂടിയാണ് ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്ര ഗവേഷകർ നിരീക്ഷിക്കുന്നത്.ട്യൂമറുകളെ ചുരുക്കുകയും അവയുടെ വളർച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നതില്‍ വാക്സിൻ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ ആവർത്തിച്ചുള്ള ഉപയോഗത്തിന് സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓരോ രോഗിക്കും അവരുടെ വ്യക്തിഗത ആർഎൻഎയ്ക്ക് അനുസൃതമായി വാക്സിനില്‍ പരിഷ്കരണങ്ങള്‍ വരുത്തി (customized) ഉപയോഗിക്കാനും സാധിക്കുമെന്ന് എഫ്എംബിഎ മേധാവി വെറോണിക്ക സ്ക്വോർട്ട്സോവ പറഞ്ഞു. ഡിജിറ്റൽ വാർത്താ സേവനമായ സ്പുട്നികാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. കോവിഡ്-19 വാക്‌സിനു പിന്നിലെ എംആര്‍എന്‍എ സാങ്കേതികവിദ്യയാണ് എന്റെറോമിക്‌സിലും ഉപയോഗിച്ചിട്ടുള്ളത്. കീമോതെറാപ്പിക്ക് ബദല്‍ എന്ന തരത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്. എംആര്‍എന്‍എ ക്യാന്‍സര്‍ വാക്‌സിനുകള്‍ മറ്റ് വാക്‌സിനുകള്‍ പോലെ രോഗം തടയുന്നതിനായി ആരോഗ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ളതല്ല. ട്യൂമറുകള്‍ ലക്ഷ്യമാക്കി ചികിത്സിക്കുന്നതിനായി അര്‍ബുദ രോഗികളില്‍ അവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നൈയിലെ ഡബ്ല്യുഐഎയി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി ദി ഹിന്ദുവിനോട് പറഞ്ഞു.
