കാസര്‍കോട്: ബാര, അരമങ്ങാനം, ആലിങ്കാല്‍ തൊട്ടിയില്‍ നവവധു വീട്ടിനകത്തു തൂങ്ങി മരിച്ചത് മാതാവിനു കുരുക്കിന്റെ ഫോട്ടോ അയച്ചതിനു പിന്നാലെ. ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദന (21)യെ ഞായറാഴ്ച ഉച്ചയ്ക്കാണ് കിടപ്പു മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഞായറാഴ്ച രാവിലെ നന്ദന താന്‍ മരിക്കുവാന്‍ പോകുന്നുവെന്നു കാണിച്ച് മാതാവ് സീനയ്ക്കു സന്ദേശവും കുരുക്കിന്റെ ഫോട്ടോയും അയച്ചിരുന്നു. ഇത് കണ്ടയുടന്‍ ഭര്‍തൃവീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാര്‍ കിടപ്പുമുറിയുടെ വാതില്‍ തട്ടിയിട്ടും തുറന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് നന്ദനയെ ഷാലില്‍ തൂങ്ങി നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രഞ്‌ജേഷിന്റെയും നന്ദനയുടെയും പ്രണയവിവാഹമായിരുന്നു. മകളെ കാണുന്നില്ലെന്നു കാണിച്ച് അന്ന് വീട്ടുകാര്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും തങ്ങള്‍ വിവാഹിതരായെന്നാണ് ഇരുവരും പൊലീസിനു മുമ്പാകെ പറഞ്ഞത്. ഏപ്രില്‍ 26ന് ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. പെരിയ, ആയംപാറ, വില്ലാരംപതിയിലെ കെ രവി -സീന ദമ്പതികളുടെ ഏകമകളാണ് നന്ദന. അരമങ്ങാനത്തു നടന്ന ഓണാഘോഷപരിപാടിയില്‍ സജീവമായി പങ്കെടുത്ത നന്ദന എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് അറിയാതെ കണ്ണീരൊഴുക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ലാബ് ടെക്‌നീഷ്യയായി ജോലി ചെയ്തു വരുന്നതിനിടയിലാണ് നന്ദന, രഞ്‌ജേഷുമായി പ്രണയത്തിലായതും വിവാഹിതയായതും. മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടെന്ന് മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിശദമായി അന്വേഷിക്കാനാണ് മേല്‍പ്പറമ്പ് പൊലീസിന്റെ തീരുമാനം.
