കാസര്‍കോട്: ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് നടന്നു പോവുകയായിരുന്ന 26 കാരിയെ കയറിപ്പിടിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത മഞ്ചേശ്വരം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. യുവതിയും കൂടെ ജോലി ചെയ്യുന്ന മറ്റു രണ്ടു യുവതികളും താമസസ്ഥലത്തേയ്ക്ക് നടന്നു പോകുകയായിരുന്നു. ഇതിനിടയില്‍ സ്ഥലത്തെത്തിയ അക്രമി 26 കാരിയെ കയറിപ്പിടിക്കുകയായിരുന്നു. യുവതിയും കൂടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് അക്രമിയെ പിടികൂടി ബഹളം വച്ചു. ആള്‍ക്കാര്‍ ഓടിക്കൂടുമെന്ന് ഭയന്ന അക്രമി യുവതികളുടെ പിടിയില്‍ നിന്നു കുതറി ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ പൊലീസ് യുവതിയില്‍ നിന്നു പരാതി സ്വീകരിച്ച ശേഷമാണ് കേസെടുത്തത്. സ്ഥലത്തെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമിയെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ് പൊലീസ്.
