മൊഗ്രാല്‍: കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി മൊഗ്രാല്‍ നാങ്കി പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് ഇനിയും പരിഹാരമായില്ല. വീടിനു ചുറ്റും മഴക്കാലത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നത് 25 ഓളം വരുന്ന കുടുംബാംഗങ്ങളെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. കുട്ടികളെയും, മുതിര്‍ന്നവരും മഴക്കാലത്ത് വീടിനുള്ളില്‍ തന്നെ തളച്ചിടേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ജലജന്യ രോഗങ്ങളാണ് ഇവരെ ഏറെ ഭയപ്പെടുത്തുന്നതും. മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ചെറുകിട ജലസേചന വിഭാഗം അധികൃതരും, കുമ്പള ഗ്രാമപഞ്ചായത്തും, ജനപ്രതിനിധികളും വര്‍ഷംതോറും പ്രദേശം സന്ദര്‍ശിച്ചു പോകുന്നതല്ലാതെ പരിഹാര നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പ്രതിഷേധം കനത്തതോടെ കിണറുകളില്‍ ക്ലോറിനേഷന്‍ ചെയ്യുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. വീടിനു ചുറ്റും മലിനജലം കെട്ടിക്കിടക്കുമ്പോള്‍ കിണറുകളില്‍ ക്ലോറിനേഷന്‍ ചെയ്തത് കൊണ്ട് രോഗപ്രതിരോധം എങ്ങനെ സാധ്യമാവുമെന്ന് പ്രദേശവാസികള്‍ ചോദിക്കുന്നു.
