ഇന്ന് ചിങ്ങമാസത്തിലെ ചതയനാള്‍. കേരളത്തിന്റെ നവോഥാന നായകന്‍ ശ്രീനാരായണ ഗുരുവിന്റെ 171-ാം ജന്മദിനം. ഈ ദിനം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആഘോഷം മാത്രമല്ല, അദ്ദേഹം നിലകൊണ്ട മൂല്യങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. സംസ്ഥാനത്തെമ്പാടും ഗുരുജയന്തി ആഘോഷവും റാലികളും നടക്കും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ വൈകിട്ട് 6.30ന് നടക്കുന്ന ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരിയിലും അരുവിപ്പുറം, ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളിലും എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലും ആഘോഷം നടക്കും. 97 വര്‍ഷം മുന്‍പ് ഗുരുദേവനെ ഫ്രഞ്ച് ചിന്തകനും നൊബേല്‍ ജേതാവുമായ റൊമാങ് റോളങ്ങ് ശ്രീനാരായണ ഗുരുവെ വിശേഷിപ്പിച്ചത് ‘കര്‍മനിരതനായ ജ്ഞാനി’യെന്നാണ്. 1856 ഓഗസ്റ്റ് 22 ന് (മലയാള വര്‍ഷം 1032 ചിങ്ങം) തിരുവനന്തപുരത്തിനടുത്തുള്ള ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടന്‍ ആശാന്റെയും കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. 21 ാം വയസില്‍ മധ്യ തിരുവിതാംകൂറിലെ പുതുപ്പള്ളി വാരണപ്പള്ളി കുടുംബത്തിലെ മഹാനായ സംസ്‌കൃത പണ്ഡിതനായ രാമന്‍ പിള്ള ആശാന്റെ ശിഷ്യനായി. ചെമ്പഴന്തിയില്‍ തന്നെയുള്ള കാളിയമ്മയെ വിവാഹം ചെയ്തു. പിതാവിന്റെ മരണ ശേഷം ആത്മീയ അന്വേഷണങ്ങള്‍ക്കായി യാത്ര ആരംഭിച്ചു. അതിനിടയിലാണ്
ചട്ടമ്പി സ്വാമികളെ കാണുന്നതും അതുവഴി തൈക്കാട്ട് അയ്യാവിനെ പരിചയപ്പെടാന്‍ ഇടയാകുന്നതും.
വൈദികതാന്ത്രിക സമ്പ്രദായങ്ങളുടെ വഴിവിട്ട് 1888 മുതല്‍ 1912 വരെ ഗുരു അരുവിക്കരയിലെ ശിവനും കണ്ണാടി പ്രതിഷ്ഠയടക്കം വിവിധങ്ങളായ പ്രതിഷ്ഠകള്‍ നടത്തി. 1913ല്‍ അദ്ദേഹം ആലുവയില്‍ അദ്വൈത ആശ്രമം സ്ഥാപിച്ചു. 1928 ല്‍ ആരോഗ്യസ്ഥിതി വഷളായി അദ്ദേഹം കുറച്ച് മാസങ്ങള്‍ കിടപ്പിലായി. 1928 സെപ്റ്റംബര്‍ 20 ന് ഗുരു അന്തരിച്ചു. അറിവിന്റെ വലിയൊരു തുറസ്സ് നമുക്ക് മുന്നില്‍ തുറന്നിട്ട ശേഷമായിരുന്നു ആ മടക്കം. മതത്തിന്റെ വേലിക്കെട്ടുകള്‍ നീക്കം ചെയ്താല്‍ മാത്രമേ സമത്വത്തിന്റെയും സമഗ്രമായ വികസനത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിയൂ എന്ന് ഗുരു വിശ്വസിച്ചു. ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ സ്ഥാപനവും ഈ ലക്ഷ്യത്തോടെയായിരുന്നു. അരുവിപ്പുറത്തെ വിഗ്രഹ പ്രതിഷ്ഠയിലൂടെ അവര്‍ണര്‍ക്ക് അടിസ്ഥാനപരമായ മാനവികതയുടെയും ആത്മബോധത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നേകാനാണ് അദ്ദേഹം ശ്രമിച്ചത്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’, ‘മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ തുടങ്ങിയ തത്വങ്ങളിലൂടെ അദ്ദേഹം വിശ്വമാനവികത എന്ന വലിയ ആശയത്തിന്റെ വിത്തുകള്‍ സമൂഹത്തില്‍ പാകി.
