കാസര്‍കോട്: കാസര്‍കോട്ട് നടന്ന ഗണേശോത്സവ ഘോഷയാത്രയ്ക്കിടയില്‍ ഉഗ്രശബ്ദത്തിലുള്ള പടക്കം പൊട്ടിച്ചതിനും പൊതു ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് സ്വമേധയാ കേസെടുത്തു. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി നളിനാക്ഷന്റെ പരാതിയില്‍ രമേശന്‍, പവന്‍ കുമാര്‍, സൂരജ്, ദിനേശന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്തു നിന്നു ആരംഭിച്ചു. ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ പൊതു ഗതാഗതം തടസ്സപ്പെടുത്തുകയും മതിയായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എടുക്കാതെ ഉഗ്രശബ്ദത്തിലുള്ള പടക്കങ്ങള്‍ പൊട്ടിക്കുകയും ചെയ്തുവെന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
