മുംബൈ: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു വച്ച് അധികൃതര്‍. വിവരം കൊച്ചി പൊലീസിനെ വിമാനത്താവള അധികൃതര്‍ അറിയിച്ചു. നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സനല്‍കുമാര്‍ ശശിധരനെ കൊച്ചി പൊലീസ് മുംബൈയിലെത്തി അറസ്റ്റു ചെയ്യും. അമേരിക്കയില്‍ നിന്നും മടങ്ങിവരികയായിരുന്നു സംവിധായകന്‍.ജനുവരിയില്‍ നടി നല്‍കിയ പരാതിയില്‍ വിശദമായ മൊഴി അന്ന് രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുംവിധമുള്ള സനല്‍കുമാറിന്റെ സാമൂഹികമാധ്യമ പോസ്റ്റുകള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടിയുടെ പരാതി. നടിക്കെതിരേ ഒട്ടേറെ പോസ്റ്റുകളാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. നടിയുടേതെന്ന പേരില്‍ ഒരു ശബ്ദസന്ദേശവും പോസ്റ്റ് ചെയ്തിരുന്നു. അന്ന് സനല്‍കുമാര്‍ ശശിധരന്‍ അമേരിക്കയിലായിരുന്നു. അതിനാല്‍ പ്രതിക്കെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ഈ സാഹചര്യത്തിലാണ് മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. നേരത്തെയും നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരന്‍ അറസ്റ്റിലായിരുന്നു. നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടിയുടെ പരാതിയിലാണ് 2022-ല്‍ സനല്‍കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ വര്‍ഷങ്ങളായി മാഫിയാ തടവില്‍ കഴിയുകയാണെന്നും, ജീവന് ഭീഷണി നേരിടുന്നുണ്ടെന്നും അടക്കമുള്ള ഗുരുതരമായ ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അടുത്ത കാലത്തും ഫെയ്സ് ബുക്കിലൂടെ ഉന്നയിച്ചിരുന്നു.മഞ്ജുവിന്റെ നീക്കങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന് പറയപ്പെടുന്ന വ്യക്തിക്കെതിരെ പൊലീസിന് പലവട്ടം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും, ഇതില്‍ പ്രതിഷേധിച്ച് മഞ്ജു വാര്യര്‍ ഭക്ഷണം നിരസിച്ചിട്ടുണ്ടെന്നും സനല്‍കുമാര്‍ പറയുന്നു.
