കാസര്‍കോട്: ആറുമാസം മുമ്പ് ഒളിച്ചോടി വിവാഹിതയായ 20 കാരിയായ ലാബ് ടെക്നീഷ്യയെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പ്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരമങ്ങാനം സ്‌കൂളിനു സമീപത്തെ രഞ്‌ജേഷിന്റെ ഭാര്യ നന്ദന (20)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് നന്ദനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടു പോകും.
പെരിയ, ആയംപാറ, വില്ലാരംപതിയിലെ രവിയുടെ മകളായ നന്ദന ആറു മാസം മുമ്പാണ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതയായത്. യുവതിയെ കാണാതായത് സംബന്ധിച്ച് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹ ശേഷം രഞ്ജേഷിന്റെ വീട്ടിലായിരുന്നു നന്ദന താമസം. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്നു വ്യക്തമല്ല.
