മെൽബൺ: മുല്ലപ്പൂ കൈവശം വെച്ച കുറ്റത്തിന് നടി നവ്യ നായർക്ക് പിഴയിട്ട് എയർപോർട്ട് അധികൃതർ. മെൽബൺ എയർപോർട്ടിൽ വച്ചായിരുന്നു ഫൈൻ അടിച്ചത്. ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ അടച്ചതിന് ശേഷമായിരുന്നു എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞത്. തിരുവോണ ദിനത്തിലായിരുന്നു നവ്യയ്ക്ക് ഈ അവസ്ഥ നേരിടേണ്ടി വന്നത്. മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയപ്പോഴാണ് അധികൃതർ പരിശോധന നടത്തിയത്. 15 സെന്റീമീറ്റർ മുല്ലപ്പൂ ആണ് നടിയുടെ കൈവശമുണ്ടായിരുന്നത്. നടി തന്നെയാണ് ഈ വിവരം പ്രസംഗത്തിലൂടെ വെളിപ്പെടുത്തിയത്. മുല്ലപ്പൂ കൊണ്ടുപോകാൻ പാടില്ലെന്ന നിയമം തനിക്കറിയില്ലെന്ന് നടി പറഞ്ഞു. പിതാവാണ് നടിക്ക് മുല്ലപ്പൂ നൽകിയത്. മുല്ലപ്പൂ അണിയുന്നതിന് പകരം ഹാൻഡ് ബാഗിൽ സൂക്ഷിച്ചു. ഇത് പിന്നീട് പിടികൂടി. ഓസ്ട്രേലിയയുടെ ജൈവസുരക്ഷാ നിയമമാണ് മുല്ലപ്പൂ ഉൾപ്പെടെയുള്ളവ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ഓസ്ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മജീവികളേയോ രോഗങ്ങളേയോ കൂടി കൊണ്ടുവരാമെന്നതിനാലാണ് ഈ നിയമം കൊണ്ടുവന്നത്. ന്യൂസീലാൻഡ്, യുഎസ്, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലും കർശനമായ ബയോസെക്യൂരിറ്റി നിയമങ്ങളുണ്ട്. താൻ മെൽബണിലേക്ക് പോകുകയാണെന്ന് പറഞ്ഞുകൊണ്ട് വിമാനത്തിൽ നിന്നുള്ള ചിത്രങ്ങൾ ഉൾപ്പെടെ കഴിഞ്ഞദിവസം നവ്യാ നായർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
