കാസര്‍കോട്: കുമ്പള ടൗണില്‍ പരിക്കേറ്റ നിലയില്‍ കണ്ട ആള്‍ക്ക് രക്ഷയായത് ജനമൈത്രി പൊലീസ്. തലയ്ക്കും മൂക്കിനും പരിക്കേറ്റ ആളെ പൊലീസ് ആശുപത്രിയിലെത്തിച്ചു ചികില്‍സ നല്‍കി. തിരുവോണ ദിവസം ഉച്ചയോടെയാണ് സംഭവം. ഒരാള്‍ പരിക്കേറ്റ് കിടക്കുന്നതായി ഇന്‍സ്‌പെക്ടര്‍ കെപി ജിജീഷിന് ഫോണ്‍കോള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ജനമൈത്രി പൊലീസിനെ വിളിച്ച് ആവശ്യമായ നിര്‍ദേശം നല്‍കി. ബീറ്റ് ഓഫീസര്‍ വസന്തന്‍, ഉദ്യോഗസ്ഥരായ മഹേഷ്, കിഷോര്‍, ഡ്രൈവര്‍ ജാബിര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനമൈത്രി പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് മാറ്റി. സ്‌കാനിങ്ങും മറ്റും പൊലീസ് ചിലവില്‍ നടത്തി. പരിക്ക് സാരമുള്ളതല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് അനുവദിച്ചു. ഉഡുപ്പി സ്വദേശി സുഭാഷ്(59) എന്നാണ് ആദ്യം പേര് പറഞ്ഞത്. പിന്നീട് കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപമാണ് താമസമെന്നും പറഞ്ഞു. എന്നാല്‍ സ്വദേശം വ്യക്തമല്ലാത്തതിനാല്‍ ആളെ മഞ്ചേശ്വരം സ്‌നേഹലായത്തിലേക്ക് മാറ്റുകയായിരുന്നു. ആളെ തിരിച്ചറിയുന്നവര്‍ കുമ്പള പൊലീസുമായി ബന്ധപ്പെണമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
