ഗൃഹാതുര സ്മരണകളുയര്‍ത്തി മലയാളികള്‍ക്ക് ഇന്ന് തിരുവോണം. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ആഘോഷിക്കുകയാണ്. വറുതിയുടെ കര്‍ക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോള്‍ നാടും നഗരവും ആഘോഷത്തിലാണ്. മലയാളികള്‍ക്ക് കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ സകലരും ആഘോഷിക്കുന്ന ഉത്സവം. ഇക്കുറി ഓണവും നബിദിനവും ഒരുദിവസമാണെന്ന പ്രത്യേകതയുമുണ്ട്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണം ആഘോഷിക്കാനുള്ള അവസരം മലയാളികള്‍ നഷ്ടമാക്കാറില്ല. ഉച്ചയ്ക്ക് സദ്യവട്ടം കഴിഞ്ഞാല്‍പ്പിന്നെ വിനോദങ്ങളുടെ നേരമാണ്. കുട്ടിക്കൂട്ടം ഊഞ്ഞാലാട്ടവും നാടന്‍ പന്തുകളിയുമായി ഉല്ലസിക്കുമ്പോള്‍ തിരുവാതിര മുദ്രയിലാണ് സത്രീകളുടെ ശ്രദ്ധ. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാന്‍ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം.
എല്ലാ മാന്യ വായനക്കാര്‍ക്കും കാരവല്‍ മീഡിയയുടെ ഓണാശംസകള്‍..