തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പു വോട്ടർ പട്ടിക പുറത്തുവന്നപ്പോൾ മന്ത്രി സുരേഷ് ഗോപിക്കും കുടുംബത്തിനും തൃശ്ശൂരിൽ വോട്ടില്ല. തിരുവനന്തപുരം നഗരസഭയിൽത്തന്നെയാണ് ഇത്തവണയും ഇവർക്ക് വോട്ട്. ശാസ്തമംഗലത്തെ 41 ആം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കും കുടുംബത്തിനും തൃശ്ശൂരിൽ വോട്ട് ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ബന്ധുക്കളടക്കം 11 പേരെ നെല്ലങ്കരയിലെ വാടകവീടിന്റെ വിലാസത്തിൽ വോട്ടർപട്ടികയിൽ ചേർത്തത് വിവാദമായിരുന്നു. ഈ വാടകവീട് ഇപ്പോൾ ഒഴിവാക്കി. തദ്ദേശ വോട്ടർപട്ടികയിൽ പേരു ചേർക്കാനും തിരുത്താനും ഒഴിവാക്കാനും പരാതി നൽകാനും അതി ശ്രദ്ധയോടെയുള്ള നീക്കമാണ് തൃശ്ശൂരിൽ മൂന്നു മുന്നണികളും നടത്തിയത്. ഇതോടെ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമുള്ള അപേക്ഷകരുടെ എണ്ണം വൻതോതിൽ ഉയർന്നിരുന്നു. നേരത്തെ സുരേഷ് ഗോപിയുടെ വോട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നേരത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ്, തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതിയ വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്നത്.
