കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി 78 കാരിയെ കെട്ടിപ്പിടിച്ചതായി പരാതി. വയോധിക ബഹളം വച്ചത് കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുന്നതിനിടയില്‍ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കാറഡുക്ക, മിഞ്ചിപ്പദവിലെ വസന്ത (35)നെ ആണ് ആദൂര്‍ എസ് ഐ വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ വയോധികയാണ് അതിക്രമത്തിനു ഇരയായത്. വീട്ടില്‍ അതിക്രമിച്ചു കയറി വൃദ്ധയെ കെട്ടിപ്പിടിച്ചതോടെ ബഹളം വയ്ക്കുകയായിരുന്നു. ബഹളം കേട്ട് ആള്‍ക്കാള്‍ ഓടിക്കൂടിയതോടെ അതിക്രമം കാണിച്ച യുവാവ് ഓടി രക്ഷപ്പെട്ടു. ഇതോടെ നാട്ടുകാര്‍ ആദൂര്‍ പൊലീസില്‍ അറിയിച്ചു. എസ് ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തേയ്ക്ക് കുതിച്ചെത്തി നടത്തിയ തെരച്ചിലിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മേല്‍വിലാസം തിരിച്ചറിഞ്ഞതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
