കാസര്‍കോട്: തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ നാട് ഓണാഘോഷപ്പൊലിമയില്‍ അമര്‍ന്നു. ഓണത്തിനുള്ള ആഘോഷങ്ങള്‍ക്ക് ഒരുക്കുക്കൂട്ടുന്നതിലുള്ള തിരക്കിലാണ് ജനങ്ങള്‍. സര്‍ക്കാരും സിവില്‍ സപ്ലൈസും ആഘോഷത്തിനു പൊലിമ പകരാന്‍ ഓണവിപണി ഒരുക്കിയിട്ടുണ്ട്.

നല്ലകാലത്തിന്റെ സ്മരണയുണര്‍ത്താനുള്ള അവസാന തയ്യാറെടുപ്പാണ് എങ്ങും. നാടാകെ കായിക- കലാ മത്സരങ്ങള്‍ക്കും കലാപരിപാടികള്‍ക്കും അരങ്ങൊരുങ്ങിയിരിക്കുന്നു. വീടുകളും സ്ഥാപനങ്ങളും പൂവിട്ടും മൃഷ്ടാന്ന ഭോജനം നല്‍കിയും പ്രതിസന്ധികള്‍ക്കിടയിലും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും മുറി ഒരു ദിവസത്തേക്കെങ്കിലും വാടകക്കെടുക്കുന്നു. കടകമ്പോളങ്ങളും തെരുവോര കച്ചവടങ്ങളും പൊടിപൊടിക്കുന്നു.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പച്ചക്കറികളും സുലഭമായി എത്തുന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴ ആഘോഷങ്ങള്‍ക്കു തടസ്സമുണ്ടാക്കുന്നുണ്ടെങ്കിലും ആഘോഷാവേശം അതു മറികടക്കുന്നു.
സര്‍ക്കാര്‍ തലത്തിലും ഓണാഘോഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കലാകായിക മത്സരങ്ങള്‍ ചെറുവത്തൂരില്‍ ആരംഭിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഇന്നു വൈകിട്ട് പുരുഷ വനിതാ വിഭാഗം വടംവലി മത്സരമുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഒരുക്കിയിരുന്നു. സ്ഥാപനങ്ങളിലും പൂക്കളമുണ്ടായിരുന്നു. വിവിധ സംഘടനകള്‍ പൂക്കള മത്സരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണസദ്യയും നടക്കുന്നു.
