കാസര്‍കോട്: മാവേലി സന്തോഷഭരിതരായ പ്രജകളെ കാണാന്‍ എത്തുന്ന തിരുവോണത്തിനു അദ്ദേഹത്തെ വരവേല്‍ക്കുന്നതിന് നയനാനന്ദകരവും ഉല്ലാസ ജനകവുമായ വൈവിധ്യമാര്‍ന്ന പൂക്കളുമായി കര്‍ണ്ണാടകയില്‍ നിന്ന് ആദ്യഘട്ടമായി 50 പേര്‍ എത്തി. അവര്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു തെരുവോരത്ത് പൂക്കളുടെ വിസ്മയലോകം തീര്‍ത്തു. മാവേലിയെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ കാര്‍ഷിക സമൃദ്ധി തെളിയിക്കുന്നതിന് മലയാളികള്‍ക്ക് അവസരമൊരുക്കുന്നു.
കര്‍ണ്ണാടകയിലെ മൈസൂര്‍, ഹാസന്‍ ജില്ലകളില്‍ നിന്നാണ് 50 അംഗ സംഘം ആദ്യ ട്രിപ്പില്‍ എത്തിയത്. ഇനിയും നൂറുകണക്കിനു പുഷ്പ കര്‍ഷകര്‍ അടുത്ത ദിവസങ്ങളില്‍ വൈവിധ്യമാര്‍ന്ന പൂക്കളുമായി എത്താനിരിക്കുന്നു.
വെള്ള, മഞ്ഞ, കാപ്പി നിറങ്ങളിലുള്ള സെമന്തിക, പര്‍പ്പിള്‍, അരളി, നന്ദി ബട്ടല്‍, കാക്കട, മുല്ല, ബട്ടന്‍സ്, താമര, റോസ്, ചെണ്ടുമല്ലി തുടങ്ങിയ വൈവിധ്യമാര്‍ന്ന പൂക്കളാണ് വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്. ഒരു മുഴം നീളത്തില്‍ മാലപോലെ കെട്ടിവച്ചിട്ടുള്ള പൂവിന് 50 രൂപയാണ് അവര്‍ വില നിശ്ചയിച്ചിട്ടുള്ളത്. അയല്‍ സംസ്ഥാനത്തു നിന്നു പൂവെത്തിയതോടെ ഓണസമൃദ്ധിയില്‍ മലയാളികള്‍ മതി മറന്നു. വീടുകളിലും തിരുമുറ്റത്തും പൂക്കളങ്ങള്‍ നിറയുന്നുണ്ട്. വിവിധ സംഘടനകളും കലാസമിതികളും സ്ഥാപനങ്ങളും പൂക്കളമത്സരം കൊണ്ടു ഉത്സവാന്തരീക്ഷം തീര്‍ക്കുന്നു. മാവേലി വീട്ടിലെത്തുമ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ പൂക്കളമൊരുക്കുന്നതില്‍ ജനങ്ങള്‍ ഉത്സുകത പ്രകടിപ്പിക്കുന്നു.
