തൃശൂര്‍: കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. 2023ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വിവരാവകാശനിയമപ്രകാരം പുറത്തു വന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവിന് ക്രൂരമായ പൊലീസ് മര്‍ദ്ദനം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്ദംകുളം പൊലീസ് സ്റ്റേഷനില്‍വച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.
2023 ഏപ്രില്‍ അഞ്ചിനാണ് സംഭവം. ചൊവ്വന്നൂരില്‍ വഴിയരുകില്‍ നില്‍ക്കുകയായിരുന്ന സുജിത്തിന്റെ സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവത്തിനു തുടക്കം. പൊലീസ് നടപടിയെ കുറിച്ച് സുജിത്ത് ചോദിച്ചതിനെ തുടര്‍ന്ന് കുന്ദംകുളം എസ് ഐ നൂഹ്‌മാന്‍ പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. സ്‌റ്റേഷനില്‍ എത്തിച്ച ഉടന്‍ അര്‍ധ നഗ്നനാക്കിയ ശേഷം സുജിത്തിനെ കുനിച്ചു നിര്‍ത്തി വളഞ്ഞിട്ടാണ് പൊലീസുകാര്‍ മര്‍ദ്ദിച്ചത്. മദ്യപിച്ചു പ്രശ്‌നം ഉണ്ടാക്കുകയും പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായും കാണിച്ച് കള്ളക്കേസ് ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ വൈദ്യപരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്നു മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിനു ജാമ്യം നല്‍കി. കോടതി നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ മര്‍ദ്ദനം മൂലം സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ ഉണ്ടായതായി വ്യക്തമായി. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. എന്നാല്‍ സുജിത്തിനെതിരെയെടുത്ത കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിനിടയിലാണ് പൊലീസ് മര്‍ദ്ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം സുജിത്തിന് ലഭിച്ചത്.
