കാസര്‍കോട്: നിസ്‌ക്കരിക്കാന്‍ വൈകിയതിന്റെ വിരോധത്തിലാണെന്നു പറയുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ 14 കാരനെ പള്ളിവരാന്തയില്‍ വച്ച് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതായി പരാതി. സൗത്ത് തൃക്കരിപ്പൂര്‍, ഉടുമ്പുന്തല, മസ്‌ക്കറ്റ് റോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ യൂനുസ് എന്ന ആള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഉടുമ്പുന്തല, ഹൈദ്രോസ് ജുമാഅത്ത് പള്ളിയുടെ വരാന്തയില്‍ വച്ചാണ് വിദ്യാര്‍ത്ഥി ക്രൂരമായ മര്‍ദ്ദനത്തിനു ഇരയായത്. നിസ്‌ക്കരിക്കാന്‍ വൈകിയതിലുള്ള വിരോധത്തില്‍ വരാന്തയില്‍ വച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തതായി ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥി തിങ്കളാഴ്ച ആശുപത്രി വിട്ടു.
നേരത്തെ അപ്പന്റിക്‌സിനു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെന്നും യൂനുസിനു പള്ളി ഭാരവാഹിത്തമോ, ഉസ്താദോ അല്ലെന്നും മാതാവ് പൊലീസിനു മൊഴി നല്‍കി.
