കാസര്കോട്: സ്‌കൂള്‍ കുട്ടികളെ ലഹരിയുടെ അടിമകളാക്കാന്‍ കഞ്ചാവ് മിഠായി വിതരണം ചെയ്യുന്ന സംഘം സജീവമായി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ കുഞ്ചത്തുര്‍ കുച്ചിക്കാട് രണ്ട് യുവാക്കള്‍ മയക്കുമരുന്നുമായി പിടിയിലായി. കുഞ്ചത്തുര്‍ കുച്ചിക്കാട് സ്വദേശി അബ്ദുള്‍ മുനീര്‍(48), ഉദ്യാവര ബല്ലങ്കോട് സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. 0.21 ഗ്രാം മെത്താംഫിറ്റമിന്‍, 81 ഗ്രാം കഞ്ചാവ് മിഠായി, 2 ഗ്രാം കഞ്ചാവ് എന്നിവ പ്രതികളുടെ കയ്യില്‍നിന്ന് കണ്ടെത്തി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്)മാരായ ശ്രീനിവാസന്‍ പത്തില്‍, വി പ്രമോദ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സി അജീഷ്, ഉദ്യോഗസ്ഥരായ സോനു സെബാസ്റ്റ്യന്‍, ഷിജിത്ത് വി വി, മോഹനകുമാര്‍ എല്‍, ഡ്രൈവര്‍ ക്രിസ്റ്റിന്‍ പി എ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. എക്‌സൈസ് സൈബര്‍ സെല്ലിലെ സിവില്‍ എക്സൈസ് ഓഫീസര്‍ നിഖിലിന്റെ സേവനം പ്രതികളെ പിടികൂടാന്‍ സഹായകരമായി.
