കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുചക്രവാഹന പരിശോധന ശക്തമാക്കി. മാവിനക്കട്ടയില്‍ പ്ലസ്ടു വിദ്യാര്‍ഥി സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധന കര്‍ശനമാക്കാന്‍ ഇന്‍സ്‌പെക്ടര്‍ കെപി ജിജീഷ് നിര്‍ദേശം നല്‍കിയത്. ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിക്കുക, രണ്ടില്‍ കൂടുതല്‍ ആളെ കയറ്റുക, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുക, അമിത വേഗതയില്‍ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ഇന്നുമുതല്‍ നടപടി സ്വീകരിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന ആര്‍സി ഉടമക്കെതിരെയും നടപടിവരും. നിലവിലെ കേന്ദ്ര മോട്ടോര്‍വാഹന നിയമമനുസരിച്ച് 250 വാട്ടില്‍ താഴെ ശേഷിയുള്ള വൈദ്യുതി സ്‌കൂട്ടറുകള്‍ക്ക് നമ്പര്‍ പ്ലേറ്റുകളോ ഓടിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റോ ആവശ്യമില്ല. എന്നാല്‍ ഈ വാഹനങ്ങള്‍ 16 വയസിന് താഴെ പ്രായമുള്ളവര്‍ ഓടിച്ചാല്‍ അവര്‍ക്കെതിരെയും നടപടിവരും. ഒരാള്‍ മാത്രമേ ഇത്തരം സ്‌കൂട്ടറുകളില്‍ സഞ്ചരിക്കാന്‍ പാടുള്ളൂവെന്നും പൊലീസ് അറിയിച്ചു.
