ലോക ടൂറിസം പറുദീസയായ തായ്‌ലന്‍ന്റില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ഓണം തിരുവാതിര; കലാകാരന്മാര്‍ക്ക് ലോകത്തിന്റെ കൈയടി

നീലേശ്വരം: ലോകത്തിന്റെ കയ്യടി നേടി മലയാളി മങ്കമാരുടെ ഓണാഘോഷം.
തായ്‌ലന്‍ന്റില്‍ തിരുവാതിരചുവടുവച്ച് യാത്രാ സംഘം ലോകത്തിന്റെ കൈയടി നേടി.
ദൈവത്തിന്റെ നാട്ടിലെ കാഞ്ഞങ്ങാട്, നീലേശ്വരം, കരിവെള്ളൂര്‍, പയ്യന്നൂര്‍, തലശ്ശേരി ഭാഗങ്ങളില്‍ നിന്ന് ടൂറിസത്തിന്റെ പറുദീസയായ തായ്‌ലാന്റ് കാണാന്‍ പോയ സംഘമാണ് പട്ടായയിലെ ചോണ്‍പുരി പ്രൊവിന്‍സിലെ നോങ്ങ് നൂച് ഉദ്യാനത്തില്‍ തിരുവാതിര അവതരിപ്പിച്ചത്. കാബോണ്‍ ടാന്‍സിച്ചയുടെ ഉടമസ്ഥതയിലുള്ളതാണ് 600 ഏക്കര്‍ വിസ്തൃതിയിലുള്ള ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് ഉദ്യാനങ്ങളിലൊന്നായ ഈ ജൈവ വൈവിധ്യ കലവറ. അഞ്ചു ദിവസത്തെ യാത്രയ്ക്കാണ് മുപ്പത്തിയൊന്നംഗ സംഘം തായ്‌ലാന്റിലെത്തിയത്. യാത്രയ്ക്ക് മുമ്പ് പെരുമ്പടവിലെ പി കെ രാമചന്ദ്രനാണ് ഒരു ദിവസം കേരളീയ വേഷം ധരിച്ച് ഓണം ആഘോഷിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. അത് പിന്നീട് തിരുവാതിര കളിയിലേക്ക് വളരുകയായിരുന്നു. കൗതുകം നിറഞ്ഞ വേഷവും പാട്ടും ചുവടുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ വിനോദ സഞ്ചാരികള്‍ക്കു കൗതുകമായി. പാരമ്പര്യ വേഷത്തെക്കുറിച്ചും തിരുവാതിരക്കളിയെക്കുറിച്ചും ഓണത്തെക്കുറിച്ചും അറിഞ്ഞപ്പോള്‍ അവര്‍ക്ക് അത്ഭുതം. കൗമാരപ്രായക്കാര്‍ തൊട്ട് റിട്ട. അധ്യാപികമാര്‍ വരെ അണി നിരന്ന തിരുവാതിര സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
റിട്ട. അധ്യാപികമാരായ പ്രമീള എ.കെ, വിനോദിനി വേലായുധന്‍, അംഗന്‍വാടി വര്‍ക്കര്‍ തങ്കമണി, വീട്ടമ്മയായ രാഖി, ആയുര്‍വേദ ഡോക്ടര്‍ വിപിന ശരത് കുമാര്‍, ചന്തേര ഗവ.യു.പി. സ്‌കൂള്‍ അധ്യാപിക ബീന പിലാങ്കു, മകള്‍ ഡോ. പൂജ എന്നിവരോടൊപ്പം കേരളീയ വേഷം ധരിച്ച സ്വകാര്യ ബാങ്കുടമ പി കെ രാമചന്ദ്രന്‍, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍, റിട്ട. കൃഷി ഉദ്യോഗസ്ഥന്‍ വിജയന്‍ കെ.വി., കുഞ്ഞിമംഗലം സ്വദേശികളായ റിട്ട. അധ്യാപകന്‍ വിനോദ്, രാജന്‍, ജലസേചന വകുപ്പ് ഓവര്‍ സീയര്‍ ശരത് കുമാര്‍ എന്നിവരും വിദേശികളുടെ ആകര്‍ഷണമായി.
സവാരി ടീം മാനേജര്‍ കെ. മണികണ്ഠന്‍, തായ് ഗൈഡ് തുന്യാലുക്ക് ഹോണ്ടുമ്മമാര്‍ട്ട് എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page