‘തിരുവോണം വരുന്നല്ലോ നാരായണ ഗുരുവിന്റെ
തിരുന്നാളും വരുന്നല്ലോ തരുണിമാരേ!
‘കുരള’യും ‘വളുത’വും കൊണ്ടു കാലം കൊന്നിടാതെ
കുരവയിടോണത്തിനെ സല്‍ക്കരിക്കുവിന്‍?’
ബഹുമുഖ പ്രതിഭ എന്ന് വിശേഷിപ്പിക്കാന്‍ അര്‍ഹനായ സി വി കുഞ്ഞുരാമന്റെ ഓണപ്പാട്ട് എന്ന കവിതയിലെ ആദ്യവരികള്‍. (1937 ആഗസ്ത് 22ന്റെ കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ചത്)
(‘നാരായണസ്വാമിയുടെ തിരുന്നാള് എന്ന് പറഞ്ഞത്’ തിരുവോണത്തിന്റെ അടുത്ത നാളായ അവിട്ടം കഴിഞ്ഞു വരുന്ന ചതയം നാരായണഗുരുവിന്റെ പിറന്നാളാണ്)
ഓണം വരുന്നൂ; ഓണം! ഇതാ എത്തിപ്പോയി. ആഘോഷം പൊടിപൊടിക്കണം. സദ്യയില്ലാതെ എന്ത് ഓണം?വനവാസകാലത്ത് സൂര്യദേവന്‍ പാണ്ഡവ പത്‌നി പാഞ്ചാലിയുടെ പ്രാര്‍ത്ഥനകേട്ട് പ്രസാദിച്ച് സമ്മാനിച്ച അക്ഷയപാത്രം നമുക്കും കിട്ടിയിരുന്നെങ്കില്‍! അത് പണ്ട് ദ്വാപരയുഗത്തില്‍; ഇത് കലിയുഗം. സദ്യയൊരുക്കാന്‍ ആവശ്യമുള്ളതെല്ലാം തലേന്ന് തന്നെ ചന്തചയില്‍പ്പോയി വാങ്ങിക്കൊണ്ടുവരണം. അയല്‍ സംസ്ഥാനക്കാര്‍ക്ക് അറിയാം നമ്മുടെ ആവശ്യങ്ങള്‍. കേരളീയരുടെ വിശേഷ ദിവസങ്ങള്‍ എപ്പോഴെല്ലാമാണ് എന്ന് കലണ്ടര്‍ നോക്കി മനസ്സിലാക്കിയിട്ടാണ് അവര്‍ അവിടെ പച്ചക്കറികൃഷി തുടങ്ങുന്നത്. വിളവെടുക്കുന്നതും നമ്മുടെ പാതയോരങ്ങളില്‍ കാണാം പച്ചക്കറിക്കുന്നുകള്‍. വര്‍ണ്ണശബളമായ ‘പൂക്കുന്നു’കളും.
തലേന്ന് തന്നെ എല്ലാം വീട്ടിലെത്തിക്കണം. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടുപോയില്ലെങ്കില്‍ ചിലത് മറന്നു പോകും.
പച്ചക്കറി സാധനങ്ങള്‍ ഇനം തിരിച്ച് കഴുകി വെടിപ്പാക്കി തലേന്ന് തന്നെ മുറിക്കണം. യാത്രികമായി തരിച്ചുമുറിച്ചാല്‍പ്പോരാ, ഓരോ കറിയ്ക്കും ഉതകുന്ന രീതിയില്‍ മുറിക്കണം. എരിശ്ശേരി എന്ന കൂട്ടുകറിയ്ക്കായി പച്ചക്കായയും ചേനയും മത്തനും മറ്റും മുറിക്കുന്നത് പോലെയല്ല അവയില്‍ എന്ന മിശ്ര വിഭവം തയ്യാറാക്കാന്‍ മുറിക്കേണ്ടത്. പുളിശ്ശേരിയുണ്ടാക്കാന്‍ വെള്ളരിക്കയോ കുമ്പളങ്ങയോ മുറിക്കുന്നത് മാതിരിയല്ല ഓലന്‍ ഉണ്ടാക്കാന്‍ മുറിക്കേണ്ടത്. ഇങ്ങനെ തരാതരം നോക്കി മുറിക്കണം. അതൊരു കലയാണ്. പാചകകല.
പലതും തലേ ദിവസം തന്നെ പാകത്തിന് വേവിച്ചു വെയ്ക്കണം. പിറ്റേന്ന് യഥോചിതം ചേര്‍ക്കാം; പല വ്യഞ്ജനങ്ങള്‍ എന്നു പറയുന്ന മസാലക്കൂട്ടുകളും മറ്റും. ഉച്ചയ്ക്കു മുമ്പേ വിഭവങ്ങളെല്ലാം തയ്യാറാക്കേണ്ടതുണ്ട്. പപ്പടം കാച്ചുന്നത് അവസാനം. എല്ലാം യഥാവിധി ഒരുക്കിക്കഴിഞ്ഞാല്‍ വീട്ടമ്മമാര്‍ കുളിച്ച് ഓണക്കോടി തിരഞ്ഞെടുക്കും. ഉടുത്തൊരുങ്ങാന്‍.
എന്നാല്‍, ഇക്കാലത്ത് ഈ ക്ലേശങ്ങളൊന്നും വേണ്ടാ; അടുക്കള എന്ന പാചകശാലയിലേയ്ക്ക് കടക്കുകയേ വേണ്ട. പാഞ്ചാലിയുടെ അക്ഷയപാത്രം ഉണ്ടോ വീട്ടില്‍? എങ്ങനെ ഉണ്ടാകാന്‍? ഇത് കലിയുഗമല്ലേ? എന്നാല്‍ സദ്യ യഥാസമയം തയ്യാറാക്കിത്തരാന്‍ റസ്‌റ്റോറന്റുകളുണ്ട്. പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ നേരത്തേ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കൊതിയൂറും പരസ്യങ്ങള്‍ പാതയോരങ്ങളിലും പരസ്യപ്പലകകള്‍. വിഭവ സമൃദ്ധമായ ഓണസ്സദ്യ ലഭ്യമാക്കും; കഴുത്തിത്തുടച്ച വാഴയിലയില്‍. അങ്ങോട്ട് ചെന്ന് വാങ്ങണമെന്നില്ല, വീട്ടില്‍ എത്തിച്ചു തരും; ഫോണ്‍- അല്ലെങ്കില്‍ ആധുനിക വാര്‍ത്താസങ്കേത സംവിധാനങ്ങള്‍ ഉണ്ടല്ലോ. അതിന്റെ മന്ത്രികക്കണ്ണില്‍ വിരല്‍ സ്പര്‍ശിക്കുയേ വേണ്ടൂ. പറയുന്നേടത്ത് വിഭവങ്ങള്‍ എത്തും. വിളമ്പാനുള്ള പ്ലേറ്റുകള്‍പ്പെടെ; അല്ലെങ്കില്‍ കഴുകിത്തുടച്ച വാഴയില.
റസ്റ്റോറന്റുകളോട് മത്സരിക്കാന്‍ എന്ന പോലെ കുടുംബശ്രീയും രംഗത്തുണ്ട്. പരസ്യപത്രങ്ങളില്‍ വിഭവ സമൃദ്ധമായ ഓണസ്സദ്യവേണോ? കുടുംബശ്രീയെ വിളിക്കൂ എന്ന്. വിഭവങ്ങളുടെ പട്ടികയും നല്‍കിയിട്ടുണ്ട്. ബഹുജനം ബഹുവിധമാണല്ലോ. സാമ്പത്തികശേഷിയില്‍ ഏറ്റക്കുറവുണ്ടാകും. പേഴ്‌സില്‍ കനം കുറഞ്ഞവരും നിരാശപ്പെടേണ്ടാ. ഒന്നാംതരം വാങ്ങാന്‍ പ്രാപ്തിയില്ലെങ്കില്‍ രണ്ടാം തരം ലഭ്യമാക്കാം. ഒന്നാംതരം 21 വിഭവങ്ങളോടു കൂടിയത്. രണ്ടാംതരം 16 വിഭവങ്ങള്‍ മാത്രമുള്ളത്. ഒന്നാം കിടയ്ക്ക് 240രൂപ. മറ്റേതിന് 150രൂപ. ഭക്ഷ്യ വിഭവങ്ങളുടെ പട്ടിക പകര്‍ത്തുന്നില്ല; വായില്‍വെള്ളം ഊറൂം. പത്രം നനയും.
പണ്ട് രുഗ്മിണീ സ്വയംവരം പ്രമാണിച്ച് വിളമ്പിയ സദ്യയെക്കിറിച്ച് സരസ കവി കുഞ്ചന്‍നമ്പ്യാര്‍ വര്‍ണ്ണിച്ചിട്ടുണ്ട്. വിഭവപ്പട്ടിക ഇന്നും പ്രസക്തം. വലിയ വ്യത്യാസമില്ല. പുരുഷാര്‍ത്ഥക്കൂത്ത് എന്ന കൃതിയില്‍ പാചക തന്ത്രം വിവരിച്ചിട്ടുണ്ട്. നമ്മുടെ റസ്റ്റോറന്റുകാര്‍ക്കും കുടുംബശ്രീ സഹോദരിമാര്‍ക്കും വഴികാട്ടിയാകും. പഴഞ്ചനല്ലേ എന്ന് പറഞ്ഞ് അവഗണിക്കേണ്ടാ.
സദ്യയുടെ കാര്യം പറയുന്നതിനിടയില്‍ മറ്റെല്ലാം മറന്നുപോയി. ഓണപ്പൂക്കളം, ഓണക്കിളി- ഇത്യാദികള്‍. പൂപറിക്കാന്‍ കാട്ടില്‍ ചുറ്റിത്തിരിയേണ്ടാ (അല്ല, അതിന് കാടെവിടെ? എല്ലാം നാടായില്ലേ, നാടാക്കിയില്ലേ? ഫ്‌ളാറ്റ്, മാള്)- പൂക്കളമൊരുക്കാനാവശ്യമായ ബഹുവര്‍ണ്ണപുഷ്പങ്ങള്‍ എത്തുന്നതും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന്. പഴയ ആചാരപ്രകാരമുള്ള പൂക്കളാണോ എന്ന് അന്വേഷിക്കേണ്ടാ. അതിന് കാത്തിരുന്നാല്‍ ഓണം കഴിയും. കിട്ടുന്നത് കൊണ്ട് ഓണം. ഉള്ളത്‌കൊണ്ട് ഓണം പോലെ എന്ന പഴഞ്ചൊല്ലുണ്ടല്ലോ. ഓണം പോലെ അല്ല, ഓണം തന്നെ.
നമുക്കുണ്ടായ- നാം ഉണ്ടാക്കിയ- ദുര്‍ഗ്ഗതി അവര്‍ക്കും നേരിടാനിടയായാലും നിരാശപ്പെടേണ്ടാ- ഒരു പുതുരീതി പരീക്ഷിക്കാവുന്നതാണ്. ബെഡ്ഷീറ്റ് പോലെ ഒന്ന് മുറ്റത്ത് വിരിക്കുക. അതിന്റെ മധ്യഭാഗത്ത് വര്‍ണ്ണശബളമായ ഒരു ചിത്രം- യഥാര്‍ത്ഥ പൂക്കളമാണെന്നേ തോന്നുകയുള്ളൂ.
യന്ത്രയുഗത്തില്‍ എന്താണ് നടക്കാത്തത്! മായക്കാരന്‍ മാധവന്റെ അവതാരലീലയില്‍ നിന്ന് തുടങ്ങിയതല്ലേ ഓണാഗമം!അപ്പോള്‍…