കുമ്പള: ജില്ലയില്‍ പകര്‍ച്ചപ്പനിയും ചുമയും കഫവും മഞ്ഞപ്പിത്തവുമായി രോഗികളെ കൊണ്ട് ആശുപത്രി നിറയുമ്പോള്‍ അടിസ്ഥാന സൗകര്യമില്ലാതെ കുമ്പള സി എച്ച് സി വീര്‍പ്പു മുട്ടുന്നു. രോഗനിവാരണത്തിനെത്തുന്ന രോഗികള്‍ക്കിതു കൂടുതല്‍ ബുദ്ധിമുട്ടാവുകയാണെന്നു പരാതിയുണ്ട്. ചോര്‍ന്നൊലിക്കുന്ന ഓടുമേഞ്ഞ കെട്ടിടം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഒഴിവാക്കിയതോടെയാണ് അടിസ്ഥാന സൗകര്യമില്ലാതെ രോഗികളും ആശുപത്രി ജീവനക്കാരും പ്രയാസപ്പെടുന്നത്.
അപകടാവസ്ഥയിലുള്ളതും ഉപയോഗശൂന്യമായതുമായ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് കൂട്ടിരിപ്പുകാരി മരണപ്പെട്ടതിനെതുടര്‍ന്നായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് കുമ്പള സി.എച്ച്.സി യിലെ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ നിന്ന് രോഗികളെയും പരിശോധനയും ഫാര്‍മസിയും മാറ്റിയിരുന്നു. എന്നാല്‍ പുതിയ കെട്ടിടം പണിഞ്ഞില്ല. അതിനു ഫണ്ട് പോലും അനുവദിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ കെട്ടിടം എന്ന് യഥാര്‍ഥ്യമാവുമെന്ന് കരുതാനാവില്ലെന്നും അധികൃതര്‍ പറയുന്നു. കെട്ടിട നിര്‍മ്മാണം സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാരും പറയുന്നുണ്ട്. എന്നാല്‍ അതിന് കാലതാമസം നേരിടുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് കുമ്പള സി.എച്ച്.സി പ്രവര്‍ത്തിക്കുന്നത്.
അതിനിടെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഐസിഎംആര്‍ കഴിഞ്ഞമാസം പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ ഡെങ്കിപ്പനി പരിശോധനവുമായി ബന്ധപ്പെട്ട് സാമ്പിള്‍ ശേഖരിക്കാന്‍ സൗകര്യം ഒരുക്കണം. സാമ്പിളുകള്‍ ആരോഗ്യ ഉപകേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയമാക്കി രോഗനിര്‍ണയം കാര്യക്ഷമമാക്കണമെന്നായിരുന്നു മുന്നറിയിപ്പ്. 2019ന് ശേഷം ഇത്തരമൊരു നിര്‍ദ്ദേശം ആദ്യമായാണ്. എന്നിട്ടും ആശുപത്രികളുടെ ഭൗതികസാഹചര്യം പരമദയനീയമായി തുടരുകയാണെന്നു നാട്ടുകാര്‍ പരിതപിക്കുന്നു.
