കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ 622 മരണം. 1,500 ലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11.47 നാണ് ഭൂകമ്പം ഉണ്ടായത്. ഭൂചനലത്തിനു പിന്നാലെ 13 തുടര്‍ചലനങ്ങളും ഉണ്ടായി. നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കുനാര്‍ പ്രവിശ്യയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നൂര്‍ ഗുല്‍, സോക്കി, വാട്പൂര്‍, മനോഗി, ചപദാരെ എന്നീ ജില്ലകളാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതെന്ന് കുനാര്‍ ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. നൂറുകണക്കിന് വീടുകള്‍ നിലംപൊത്തുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. കുനാര്‍ പ്രവിശ്യയിലെ സാവ്കായ് ജില്ലയില്‍, ഒരു ഗ്രാമത്തില്‍ 20 പേര്‍ മരിച്ചതായും 35 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കുനാര്‍ പ്രവിശ്യയുടെ 90 ശതമാനവും പര്‍വതപ്രദേശങ്ങളാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള റോഡ് ഗതാഗതം തടസപ്പെടുത്തിയിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
