കാസര്‍കോട്: പെരിയ, കൂടാനത്തെ കര്‍ഷകനും പാചകവിദഗ്ദ്ധനുമായ എരോല്‍ നാരായണന്റെ തോട്ടത്തില്‍ വിളഞ്ഞ ഒരു നേന്ത്ര വാഴക്കുലയ്ക്ക് കിട്ടിയത് 1,925 രൂപ. തന്റെ അനുഭവത്തില്‍ ആദ്യമായി റെക്കോര്‍ഡ് വിലകിട്ടിയതിന്റെ സന്തോഷത്തിലാണ് മുന്‍ പഞ്ചായത്തംഗം കൂടിയായ നാരായണനും കുടുംബവും.
39 കിലോ തുക്കമാണ് വാഴക്കുലയ്ക്ക് ഉണ്ടായിരുന്നത്. ഇതില്‍ നിന്നു തണ്ടു കഴിച്ച് 35 കിലോയ്ക്ക് 55 രൂപ പ്രകാരമാണ് വില ലഭിച്ചതെന്നു നാരായണന്‍ പറഞ്ഞു. പെരിയ കൃഷി ഭവനില്‍ നിന്നാണ് ടിഷ്യു കള്‍ച്ചര്‍ വാഴക്കന്ന് നാരായണന് ലഭിച്ചത്. ആകെ ലഭിച്ച 15 വാഴക്കന്നുകളില്‍ 14 എണ്ണം ഒരിടത്തും ഒരെണ്ണം അല്‍പം മാറി കൂടുതല്‍ സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്താണ് നട്ടത്. ഈ വാഴയിലാണ് ഇത്രയും തൂക്കമുള്ള കുല ലഭിച്ചതെന്നു അദ്ദേഹം പറഞ്ഞു. തീര്‍ത്തും ജൈവ രീതിയിലാണ് വാഴയെ പരിപാലിച്ചത്. വളര്‍ച്ചാ ഘട്ടത്തില്‍ തന്നെ വാഴയ്ക്ക് എന്തോ പ്രത്യേകത ഉള്ളതായി തോന്നിയിരുന്നു. മറ്റു വാഴകളില്‍ നിന്നു വ്യത്യസ്തമായി വലിയ വണ്ണവും ഉയരവും ഉണ്ടായിരുന്നു. വിളവെടുത്തപ്പോഴാണ് ഇത്രയും തൂക്കം ഉള്ളതായി മനസ്സിലായത്. പെരിയാട്ടടുക്കത്തെ വി എഫ് പി സി കെയുടെ കീഴിലുള്ള ‘സസ്യ’ വിപണന കേന്ദ്രത്തിലാണ് കിലോയ്ക്ക് 55 രൂപ നിരക്കില്‍ വില്‍പ്പന നടത്തിയത്’ -നാരായണന്‍ പറഞ്ഞു.
