അതിശയിക്കേണ്ട, ദേളിയിലെ ദാമോദരസ്വാമിയുടെ ഹോട്ടലില്‍ ഊണിന് 30 രൂപയും ചായയ്ക്ക് ഏഴു രൂപയും മാത്രം; സ്വാമിയെയും ഭാര്യയെയും ഉത്രാടനാളില്‍ നാട് ആദരിക്കുന്നു

കാസര്‍കോട്: മേല്‍പ്പറമ്പ്, ദേളിയിലെ ശ്രീദുര്‍ഗ്ഗാ ഹോട്ടല്‍ ഉടമ ദാമോദരസ്വാമി (82)യെയും ഭാര്യ ദേവമ്മ(76)യെയും ഉത്രാടനാളില്‍ നാട് ആദരിക്കുന്നു. മൈത്രി വായനശാല, പീപ്പിള്‍സ് മാങ്ങാട്, ഹെല്‍ത്ത് ലൈന്‍ കാസര്‍കോട്, ടീം ഭാരത് ദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആദരവ്. വ്യാഴാഴ്ച രാവിലെ 9ന് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഇരുവരെയും ആദരിക്കും. അനാദിക്കടയോടെയായിരുന്നു ഇദ്ദേഹം വ്യാപാരത്തിനു തുടക്കമിട്ടത്. 30 വര്‍ഷം മുമ്പാണ് തുച്ഛമായ വിലയ്ക്ക്, മികച്ച ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ ദാമോദരസ്വാമി കാരുണ്യ പ്രവര്‍ത്തനമെന്ന നിലയില്‍ കടയോട് ചേര്‍ന്ന് ശ്രീദുര്‍ഗാ ഹോട്ടല്‍ ആരംഭിച്ചത്. പാചകവും ഭക്ഷണം വിളമ്പലും എല്ലാം ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന്. സ്വന്തം പറമ്പില്‍ വിളയുന്ന പച്ചക്കറികളും തേങ്ങയും ആണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. സാമ്പാര്‍, രസം, വറവ്, അച്ചാര്‍ എന്നിവയ്കൊപ്പം ഒരു ഗ്ലാസ് പായസവും അടങ്ങുന്നതാണ് ഉച്ചഭക്ഷണം. ദിവസവും ഓരോതരം പായസമാണ് വിളമ്പുക. ചായയ്ക്ക് മറ്റു ഹോട്ടലുകളില്‍ 12 രൂപ മുതല്‍ മുകളിലോട്ടാണെങ്കില്‍ ശ്രീദുര്‍ഗ്ഗാ ഹോട്ടലില്‍ എഴു രൂപ മാത്രമാണ്. ഇഡലിക്കു എഴു രൂപയും, പഴംപൊരിക്ക് 10 രൂപയും. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ഏഴുമണി വരെയാണ് ഹോട്ടലിന്റെ പ്രവര്‍ത്തന സമയം. 47 തവണ ശബരിമല ദര്‍ശനംനടത്തിയിട്ടുള്ള ദാമോദരസ്വാമിക്ക് ഒരു ആഗ്രഹമേയുള്ളു; ജീവിതാവസാനം വരെ ഹോട്ടല്‍ മുടക്കമില്ലാതെ നടത്തണമെന്ന്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page