കണ്ണൂര്‍: കണ്ണപുരം, കീഴറയിലെ വാടക വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂര്‍, ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്നാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കീഴറയിലെ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്ക് എടുത്ത ചാലാട് സ്വദേശിയായ അനൂപ് മാലിക്കിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. ഇയാള്‍ നേരത്തെയും സ്ഫോടന കേസില്‍പ്രതിയാണെന്നു പൊലീസ് പറഞ്ഞു. 2016 ല്‍ കണ്ണൂര്‍, പൊടിക്കുണ്ടിലെ വാടക വീട്ടില്‍ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ്. അന്നുണ്ടായ സ്ഫോടനത്തില്‍ നാലുകോടിയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്.
അതേസമയം കണ്ണപുരത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട് ആരോപണ- പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും സി പി എമ്മും രംഗത്തു വന്നു. കൊല്ലപ്പെട്ട മുഹമ്മദ് ആഷാമിനു കോണ്‍ഗ്രസുമായി ബന്ധം ഉണ്ടെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നും സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. വാടക വീട്ടില്‍ ബോംബ് നിര്‍മ്മാണമാണ് നടന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും ഡി സി സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജും ആരോപിച്ചു.

