കാഞ്ഞങ്ങാട്: മന്ത്രധ്വനികളാല്‍ മൂന്ന് പകലുകളെ ധന്യമാക്കി കൊണ്ട് ഗണേശ വിഗ്രഹങ്ങള്‍ ഹൊസ്ദുര്‍ഗ് കടപ്പുറത്തെ കടലില്‍ നിമജ്ജനം ചെയ്തു. ഹൊസ്ദുര്‍ഗ് സാര്‍വ്വജനിക ഗണേശോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നിമജ്ജന ഘോഷയാത്ര അമ്മനവര്‍ ക്ഷേത്രത്തില്‍ നിന്നും വാദ്യമേളത്തിന്റെ അകമ്പടിയാടെ ആരംഭിച്ചു. ഹൊസ്ദുര്‍ഗ് അരയാല്‍ത്തറ ചുറ്റി ശ്രീകൃഷ്ണക്ഷേത്രം, പുതിയവളപ്പ്, കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ്, ടി.ബി.റോഡ്, കുശാല്‍ നഗര്‍ വഴി ഘോഷയാത്ര ഹൊസ്ദുര്‍ഗ് കടപ്പുറത്ത് എത്തി. വാദ്യമേളങ്ങളും നിരവധി ഭജനസംഘങ്ങളും ഘോഷയാത്രക്ക് വര്‍ണ്ണപൊലിമയേകി.
പ്രധാന ഗണപതിയുടെ വിഗ്രഹത്തിനൊപ്പം ഉദയംകുന്ന് അയ്യപ്പ ഭജന മഠം, ചെമ്മട്ടം വയല്‍ യുവജന സമിതി പരിസരത്തും നിന്നും, മോനാച്ച ശ്രീകൃഷ്ണ ക്ഷേത്രം ഹൊസ്ദുര്‍ഗ് കടപ്പുറം എന്നീ പ്രദേശങ്ങളില്‍ നിന്നും പൂജിച്ച ആറ് ഗണപതി വിഗ്രഹങ്ങളും നിമജ്ജന ഘോഷയാത്രകള്‍ അണിനിരന്നു. ഹൊസ്ദുര്‍ഗ് കടപ്പുറത്ത് പ്രത്യേക സജ്ജീകരിച്ച മണ്ഡപത്തില്‍ വച്ച് ബ്രഹ്‌മശ്രീ മാധവ കെ കുണായ പൂജകള്‍ നടത്തിയ ശേഷം ആയിരങ്ങള്‍ സാക്ഷിനിര്‍ത്തി ഗണേശ വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ നിമജ്ജനം ചെയ്തു. പ്രസാദ വിതരണവും നടന്നു.
