കാസര്‍കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ശനി, ഞായര്‍ നടപ്പിലാക്കുന്ന ക്ലോറിനേഷന്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കാലിക്കടവില്‍ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രസന്നകുമാരി നിര്‍വ്വഹിച്ചു. രോഗവ്യാപനം കിണറുകളിലെ വെള്ളത്തിലൂടെയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വീടുകളിലെയും സ്ഥാപനങ്ങളിലെയും എല്ലാ കിണറുകളും ക്‌ളോറിനേറ്റ് ചെയ്യും. ആകെയുള്ള 137836 കിണറുകളില്‍ ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരെ ഉപയോഗിച്ചാണ് ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി.രാംദാസ് മുഖ്യാതിഥിയായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ഹരിത കേരളം മിഷന്റെയും സഹകരണത്തോടെ ആരോഗ്യവകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പഞ്ചായത്തംഗം വി.വി. സുലോചന അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി.പ്രദീപന്‍, രേഷ്ണ.പി സംസാരിച്ചു. ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി മഹേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
