കാസര്‍കോട്: കടയില്‍ നിന്നു എടുത്തു കഴിച്ച പഴത്തിന്റെ പണം നല്‍കിയില്ലെന്ന് തെറ്റിദ്ധരിച്ച് 79കാരനെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും പ്ലാസ്റ്റിക് ബക്കറ്റ് കൊണ്ട് തലക്കടിച്ചതായും പരാതി. സംഭവത്തില്‍ കടയുടമയ്‌ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്, മുണ്ടത്തോട് കല്ലൂരാവി ബീച്ചിലെ സി.കെ ഹൗസില്‍ ഉച്ചില്ലത്ത് മുഹമ്മദ് കുഞ്ഞി (79)യുടെ പരാതി പ്രകാരം കല്ലൂരാവി ജുമാമസ്ജിദിനു സമീപത്തെ ഗഫൂറിനെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കല്ലൂരാവിയിലെ അന്ന ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ചാണ് മുഹമ്മദ് കുഞ്ഞിയെ അക്രമിച്ചതെന്നാണ് പരാതി. തിങ്കളാഴ്ച മൂന്നു മണിക്ക് പ്രതിയുടെ കടയില്‍ എത്തിയ പരാതിക്കാരന്‍ എടുത്തു കഴിച്ച പഴത്തിന്റെ പണം നല്‍കിയില്ലെന്നു തെറ്റിദ്ധരിച്ചാണ് അക്രമിച്ചതെന്നു കേസില്‍ പറയുന്നു.
