കാസര്‍കോട്: തലപ്പാടിയില്‍ വ്യാഴാഴ്ച ഉണ്ടായ അപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ അപകടഭീതി വിതച്ച് കൊണ്ട് സര്‍വ്വീസ് നടത്തിയ കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസുകള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. നാലു ബസുകളാണ് തലപ്പാടിയില്‍ നാട്ടുകാര്‍ തടഞ്ഞു വച്ചത്.
ഓടിത്തേഞ്ഞ ടയറുകളുള്ള ബസുകളാണ് തടഞ്ഞത്. മറ്റു ബസുകളെ ഓടാന്‍ അനുവദിക്കുകയും ചെയ്തു. വിവരമറിഞ്ഞ് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ഗതാഗതയോഗ്യമല്ലാത്ത ടയറുകളുള്ള ബസുകളെ റോഡിലിറങ്ങാന്‍ അനുവദിക്കില്ലെന്നു പ്രതിഷേധക്കാര്‍ പൊലീസിനെ അറിയിച്ചു. വ്യാഴാഴ്ച തലപ്പാടിയില്‍ കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസിടിച്ച് ആറുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മംഗ്‌ളൂരു കെ സി റോഡ് സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ ഹൈദര്‍ അലി (41), ഹവ്വാമ്മ(72), ഖദീജ(60), നബീസ(52), ആയിഷ ഫിദ(19), ഹസ്‌ന (11) എന്നിവരാണ് മരിച്ചത്. കാസര്‍കോട് നിന്നു മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന ബസിടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗതയും ടയറുകളുടെ കാര്യക്ഷമത ഇല്ലായ്മയുമാണ് അപകടത്തിനു ഇടയാക്കിയതെന്നു നാട്ടുകാര്‍ ആരോപിച്ചു. നാടിനെ നടുക്കിയ അപകടത്തിനു ശേഷവും ‘മൊട്ട’യായ ടയറുകളുമായി ബസ് സര്‍വ്വീസ് തുടരുന്നത് അനുവദിക്കില്ലെന്ന് നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.
