കുമ്പള: ടോള്‍ ബൂത്ത് അപ്പീലും തള്ളിപ്പോയിട്ടും ആരിക്കാടിയില്‍ സമരാവേശം അലയടിക്കുന്നു.
സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുന്നതിനെതിരെ ആരിക്കാടി ഹൈവേയില്‍ നാട്ടുകാര്‍ വെള്ളിയാഴ്ച പ്രതിഷേധിച്ചു. ആരിക്കാടി കടവത്തു നിന്ന് ഒരു വിഭാഗം സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളിച്ചപ്പോള്‍ അതിനു നേരെ മറുഭാഗത്തു നിന്ന് ആരിക്കാടി ഓള്‍ഡ് റോഡിലുള്ളവര്‍ മുദ്രാവാക്യം ഏറ്റുവിളിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നിര്‍ദ്ദിഷ്ട ടോള്‍ ബൂത്തിനു മുകളില്‍ മേല്‍പ്പാലം പണിയണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇന്നു നടത്തിയതു സൂചനാ സമരമാണെന്നും അവര്‍ അധികൃതരെ മുന്നറിയിച്ചു. സൂചന കണ്ടു പഠിച്ചില്ലെങ്കില്‍ നാളെ സമരം പടരുമെന്നും അതു പിന്നെ ആളിപ്പടരുമെന്നും അവര്‍ മുന്നറിയിച്ചു.
കുമ്പള ടൗണില്‍ നിന്ന് ആരിക്കാടി കടവത്തു വരെ ദേശീയപാത നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ സര്‍വ്വീസ് റോഡ് കാണാതായെന്ന് നാട്ടുകാര്‍ അധികൃതരെ ചൂണ്ടിക്കാണിച്ചു. റോഡ് പണി തീരുമ്പോള്‍ ആരിക്കാടി ഓള്‍ഡ് റോഡിലുള്ളവര്‍ക്കു കുമ്പളയില്‍ പോകണമെങ്കിലോ കുമ്പളയില്‍ പോകണമെങ്കിലോ ദേശീയ പാതയില്‍ കയറി പോകണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതിനാണെങ്കില്‍ ഹൈവേയില്‍ കയറാന്‍ സൗകര്യവുമേര്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ആരിക്കാടിയില്‍ മേല്‍പ്പാലം അടിയന്തരമായി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇക്കാര്യം റോഡു പണി ആരംഭിച്ചപ്പോള്‍ മുതല്‍ നാട്ടുകാര്‍ അധികൃതരോടാവശ്യപ്പെട്ടിരുന്നുവെന്നു പറയുന്നു. അതു ചെയ്യും ചെയ്യുമെന്ന് ആശ്വസിപ്പിച്ചവര്‍ ഹൈവേ നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തിയിട്ടും അങ്ങനെതന്നെ പറഞ്ഞു നില്‍ക്കുകയാണെന്നു പ്രതിഷേധക്കാര്‍ പരിഹസിച്ചു.
ജനകീയാവശ്യം പരിഹരിച്ചില്ലെങ്കില്‍ സമരം അതിരൂക്ഷമാവുമെന്നു നാട്ടുകാര്‍ മുന്നറിയിച്ചിട്ടുണ്ട്. കുമ്പള പുഴക്ക് പാലമായതുകൊണ്ടാണ് അത്രയും സ്ഥലത്തു സര്‍വ്വീസ് റോഡില്ലാത്തതെന്നാണ് അധികൃത വിശദീകരണമെന്നും ആക്ഷേപമുണ്ട്.
