കാസര്‍കോട്: കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയ ശുഹൈബ് കൊലക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഉദുമയിലെ കെ. പത്മനാഭനാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ സി ബി ഐ അഭിഭാഷകന്റെ സഹായി ആയിരുന്നു ഇദ്ദേഹം.
കണ്ണൂര്‍, മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബ് 2018 ഫെബ്രുവരി 12ന് രാത്രിയിലാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. എടയന്നൂര്‍, തെരൂരിലെ ഒരു തട്ടുകടയില്‍ ഇരിക്കുകയായിരുന്ന ശുഹൈബിനെ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നുവെന്നാണ് കേസ്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്)യിലാണ് ശുഹൈബ് കൊലക്കേസുള്ളത്.

കെ.പത്മനാഭനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ പ്രതിപക്ഷ നേതാവ് മുഖേന മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. 2025 മാര്‍ച്ച് 18നാണ് നിവേദനം നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ ആറാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കെ.പത്മനാഭനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.