കാസര്‍കോട്: ഓണമെത്തുമ്പോഴും പച്ചക്കറി വില മേലോട്ട് തന്നെ. ചെറുനാരങ്ങ ഒഴിച്ച് മറ്റെല്ലാ പച്ചക്കറി സാധനങ്ങള്‍ക്കും വില നൂറിനു മുകളില്‍ എത്തിയിട്ടില്ലെങ്കിലും നാള്‍ക്കുനാള്‍ വിലയില്‍ ഉണ്ടാകുന്ന മുന്നേറ്റം ഓണസദ്യ ഒരുക്കത്തെക്കുറിച്ച് കുടുംബാംഗങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഓണ സീസണാകുമ്പോള്‍ കച്ചവടക്കാര്‍ പച്ചക്കറി വില വര്‍ദ്ധിപ്പിക്കുന്നത് പതിവാണെന്ന് ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍ വിപണി അനുസരിച്ചാണ് വിലവര്‍ദ്ധനവെന്ന് കച്ചവടക്കാരും പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രധാനമായും കാസര്‍കോട് ജില്ലക്കാവശ്യമായ പച്ചക്കറികള്‍ എത്തുന്നത്. കാലവര്‍ഷം ശക്തമായത് പച്ചക്കറി ഉല്‍പാദനത്തെപ്രതികൂലമായി ബാധിച്ചതാണ് വില കുതിച്ചുയരാന്‍ കാരണമെന്ന് ഇടനിലക്കാര്‍ പറയുന്നുണ്ട്.
കഴിഞ്ഞവര്‍ഷം പച്ചക്കറി വില വാണം പോലെ കുതിച്ചുയര്‍ന്നപ്പോള്‍ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായില്ലെന്ന ആക്ഷേപയുണ്ടായിരുന്നു. തക്കാളിക്കും, മുരിങ്ങയ്ക്കുമൊക്കെ 150 മുതല്‍ 400 രൂപ വരെയായിരുന്നു വില. ചെറുനാരങ്ങയ്ക്കാകട്ടെ 300 രൂപയും. 500ലെത്തിയ മുരിങ്ങയ്ക്ക ഇടാതെയാണ് അന്നൊക്കെ വീട്ടമ്മമാര്‍ സാമ്പാര്‍ ഉണ്ടാക്കിയിരുന്നത്. 300ല്‍ എത്തിയിരുന്ന ചെറുനാരങ്ങയ്ക്ക് ഇപ്പോള്‍ 100 രൂപയാണ് വില.
അതേസമയം കാസര്‍കോട് ടൗണില്‍ ഞായറാഴ്ചകളിലെ കര്‍ണാടക സ്വദേശികളുടെ ‘പച്ചക്കറിചന്ത’യില്‍ വിലകളില്‍ 2 രൂപ മുതല്‍ അഞ്ചു രൂപ വരെ കുറവുള്ളതായി വീട്ടമ്മമാര്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഞായറാഴ്ചത്തെ ചന്തയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
ഇന്നത്തെ പച്ചക്കറി വില ഇപ്രകാരമാണ്: തക്കാളി-46,നീരുള്ളി- 30, പച്ചമുളക്-60, ഉരുളക്കിഴങ്ങ്-30, ഇഞ്ചി-72, കക്കിരി-40, വെള്ളരിക്ക-48, കോവയ്ക്ക-50, ബീന്‍സ്-80, പയര്‍-70, വെണ്ടയ്ക്ക-70, കാരറ്റ്-60, ബീറ്റ്‌റൂട്ട്-40, കാബേജ്-26, മുരിങ്ങയ്ക്ക-60, കൈപ്പക്ക-80, പടവലങ്ങ-50, ചേന- 60, മത്തന്‍-30, കുമ്പളങ്ങ-30, വെള്ളച്ചറങ്ങ-50.
