കല്‍പ്പറ്റ: പശ്ചിമഘട്ടത്തില്‍ പുതിയ ഇനം കിഴങ്ങ് കണ്ടെത്തി. പത്തു വര്‍ഷക്കാലം വയനാട് വനത്തില്‍ നടത്തിയ ഗവേഷണത്തിലാണ് പുതിയ ഇനം സസ്യ കിഴങ്ങ് ശാസ്ത്ര സംഘം കണ്ടെത്തിയത്. കാസര്‍കോട്, പനയാല്‍, അരവത്ത് സ്വദേശിയും ജൈവ വൈവിധ്യ ഗവേഷകനും പൊലീസ് ഉദ്യോഗസ്ഥനും സംസ്ഥാന ജൈവ വൈവിവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുമായ ഡോ. വി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി പുതുതായി കണ്ടെത്തിയ കിഴങ്ങിന് ‘ ഡയോസ്‌കോറിയ ബാലകൃഷ്ണനി’ എന്നു പേരിട്ടു. കാച്ചില്‍ അഥവാ കാവത്ത് എന്ന് അറിയപ്പെടുന്ന കിഴങ്ങുകളുടെ വന്യ ബന്ധുവാണ് പുതുതായി കണ്ടെത്തിയ കിഴങ്ങിനം.
വയനാടന്‍ കാടുകളിലെ നിത്യഹരിത ചോല വനങ്ങളോട് ചേര്‍ന്നുള്ള അരുവിക്കരയില്‍ നിന്നാണ് പുതിയ ഇനത്തെ വയനാട് എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ പിച്ചന്‍ എം സലീമിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കണ്ടെത്തിയത്. ആലപ്പുഴ സനാതനധര്‍മ്മ കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജോസ് മാത്യു, കാര്‍ഷിക സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. എം എം സഫീര്‍ എന്നിവരും ഗവേഷക സംഘത്തില്‍ ഉണ്ടായിരുന്നു. പഠന റിപ്പോര്‍ട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേര്‍ണലായ, ‘ സ്പീഷിസി’ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോ. വി ബാലകൃഷ്ണന്റെ പേരിലുള്ള രണ്ടാമത്തെ ചെടിയാണ് ‘ഡയോസ്‌കോറിയ ബാലകൃഷ്ണനി’. വയനാടന്‍ മലനിരകളില്‍ നിന്നും കണ്ടെത്തിയ ‘ടൈലോഫോറ ബാലകൃഷ്ണനി’ എന്നതായിരുന്നു ആദ്യത്തെ അപൂര്‍വ്വ ഇനം സസ്യം. രാജ്യത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പേര് ഒരു ചെടിക്ക് നല്‍കിയത്. ഡോ. എം എസ് സ്വാമിനാഥന്‍, ഫൗണ്ടേഷന്‍ മുന്‍ സി ഇ ഒയും ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാനും പ്രമുഖ സസ്യ ശാസ്ത്രജ്ഞനുമായ ഡോ. എന്‍ അനില്‍ കുമാര്‍ എന്നിവരുടെ ശിഷ്യനാണ് ബാലകൃഷ്ണന്‍.പ്രമുഖ കഥകളി ആചാര്യനായിരുന്ന നാട്യ രത്നം വി പി കണ്ണന്‍ പാട്ടാളിയാണ് പിതാവ്. ഭാര്യ: സുധ(അധ്യാപിക, ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍). മക്കള്‍: ധ്യാന്‍ കൃഷ്ണ, തീര്‍ത്ത(ഇരുവരും വിദ്യാര്‍ത്ഥികള്‍). പശ്ചിമഘട്ട മലനിരകളില്‍ ഇനിയും കണ്ടെത്തപ്പെടാത്ത ഒട്ടേറെ സസ്യ ജനസ്സുകള്‍ ഉണ്ടെന്നും അവയെല്ലാം തിരിച്ചറിയപ്പെടേണ്ടതും സംരക്ഷിക്കേണ്ടതുമുണ്ടെന്നു ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍ അനില്‍ കുമാര്‍ കാരവല്‍ മീഡിയയോട് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുവാനും വന്യജീവി സംഘര്‍ഷം ലഘൂകരിക്കുവാനും പറ്റുന്ന തനത് വന്യ ഭക്ഷ്യ വിഭവങ്ങള്‍ കണ്ടെത്തുന്നതിന് പശ്ചിമഘട്ടത്തില്‍ സമഗ്രമായ പഠനം നടത്തേണ്ടതുണ്ട്.പരിസ്ഥിതി സംഘടനകളുടെയും ജൈവവൈവിധ്യ പരിപാലന സമിതികളുടെയും സമഗ്രമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടെങ്കില്‍ കേരള വനാതിര്‍ത്തികള്‍ വനം വകുപ്പിന്റെ പോളിസി ഡോക്യുമെന്റില്‍ പറയുന്ന തരത്തില്‍ വനം വന്യജീവി മനുഷ്യബന്ധ പൂരകമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
