കാസര്‍കോട്: തലപ്പാടിയില്‍ നിയന്ത്രണം വിട്ട കര്‍ണാടക കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇടിച്ചുകയറി 4 പേര്‍ മരിച്ചു. മൂന്നു സ്ത്രീകളും ഓട്ടോഡ്രൈവറുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണെന്നറിയുന്നു. അതില്‍ ഒരാള്‍ അത്യാസന്ന നിലയിലാണെന്ന് പറയുന്നു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം. അമിത വേഗതയില്‍ കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് തലപ്പാടിയില്‍ ഒരു ഓട്ടോയിലിടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് ബസ് വെയ്റ്റിങ് ഷെഡില്‍ ഇടിച്ചുകയറിയത്. ഓട്ടോഡ്രൈവര്‍ കര്‍ണാടക സ്വദേശി ഹൈദര്‍, ഓട്ടോയിലുണ്ടായിരുന്ന ഖദീജ, ഹസീന, ആയിശ, പത്തുവയസുകാരി, ബസ് കാത്തുനിന്ന സ്ത്രീ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേശ്വരം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും മംഗളൂരു, ദര്‍ളകട്ട ആശുപത്രി മോര്‍ച്ചറിയിലും എത്തിച്ചു. വിവരമറിഞ്ഞ് മഞ്ചേശ്വരം, മംഗളൂരു ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ അപകടസ്ഥലത്തെത്തിയിട്ടുണ്ട്.
